HealthKeralaNews

കാത്തിരിപ്പിന് വിരാമം, ഇടുക്കി ജില്ലയില്‍ കോവിഡ് ലാബ് പ്രവര്‍ത്തനാരംഭിച്ചു

ഇടുക്കി: മെഡിക്കല്‍ കോളേജില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി ലഭിച്ചതോടെ ജില്ലയിലെ കോവിഡ് പരിശോധന ലാബ് പ്രവര്‍ത്തനാരംഭിച്ചു. ഇന്നലെ (17) 16 പേരുടെ സ്രവങ്ങളാണ് പരിശോധനയ്ക്കെടുത്തത്. ഇനി മുതല്‍ ഇവിടെ പ്രതിദിനം നൂറോളം പേരുടെ സ്രവ പരിശോധന നടത്താനാവും. ഒരു സമയത്ത് 96 സാമ്പിള്‍ പരിശോധിയ്ക്കാന്‍ സാധിക്കുന്ന ഓട്ടോമേറ്റഡ് എക്സ്ട്രാക്ഷന്‍ ആര്‍എന്‍എ സിസ്റ്റം ലഭിച്ചാല്‍ ജില്ലയിലെ മുഴുവന്‍ സ്രവ പരിശോധനയും ഇവിടെ നടത്താന്‍ സാധിക്കും. നിലവില്‍ കോട്ടയം തലപ്പാടിയിലാണ് പരിശോധനകള്‍ നടത്തിയിരുന്നത്. ഇക്കാരണത്താല്‍ പരിശോധന ഫലം വൈകിയിരുന്നു. ലാബിന്റെ അപര്യാപതത വിഷയം മന്ത്രി എംഎം മണി മുന്‍കൈയെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജയെയും ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദ്രുതഗതിയില്‍ ജില്ലയില്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചത്. ഭാവിയില്‍ ഈ ലാബ് മരുന്ന് ഗവേഷണത്തിനായി ഉപയോഗിക്കാന്‍ സാധിക്കും.

ആര്‍ടിപിസിആര്‍ പരിശോധന ലാബ്

കോവിഡ് -19 പരിശോധനയ്ക്ക് ഉപയോഗിക്കുന്ന നൂതന സംവിധാനമാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ സജ്ജികരിച്ചിരിക്കുന്നത്. ഈ രോഗത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് തത്സമയ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടി-പിസിആര്‍) പരിശോധന. ഈ പ്രക്രിയ വൈറസിന്റെ നിര്‍ദ്ദിഷ്ട ജനിതക ശകലങ്ങള്‍ ആവര്‍ത്തിച്ച് പകര്‍ത്തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ തൊണ്ടയിലോ മൂക്കിലോ നിന്നും സ്രവമെടുത്താണ് ആര്‍ടി-പിസിആര്‍ പരിശോധന ആരംഭിക്കുന്നത്. എട്ടു മണിക്കൂറു വേണം പരിശോധന പൂര്‍ത്തികരിച്ച് ഫലം ലഭിക്കാന്‍.

അഞ്ചു മുറികളിലായി സാമ്പിള്‍ സ്വീകരിക്കാനും അത് പരിശോധനയ്ക്കായി തയ്യാറാക്കാനും, ആര്‍എന്‍എ വേര്‍തിരിച്ചെടുക്കല്‍, മാസ്റ്റര്‍ മിക്ചര്‍ മുറി, ടെമ്പ്ലേറ്റ് മുറി, പിസിആര്‍ മുറി എന്നിങ്ങനെയാണ് പരിശോധന മുറികളുടെ ക്രമീകരണങ്ങള്‍. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ലാബിനുള്ളില്‍ തന്നെ ബയോ വേസ്റ്റ് മാനേജ്മെന്റിനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നതിനായി 82,81350/ രൂപയുടെ ഉപകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കെ.എം.എസ്.സി.എല്‍ വഴി ഒരുക്കിയത്. പി.സി.ആര്‍ മെഷീന്‍, ബയോസേഫ്റ്റി ക്യാബിനറ്റുകള്‍ തുടങ്ങി അത്യാധുനീക ഉപകരണങ്ങള്‍ പി.സി.ആര്‍ ടെസ്റ്റ് ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്.
അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി , എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍ , ഇ.എസ് ബിജിമോള്‍ തുടങ്ങി ജില്ലയിലെ എല്ലാ ജനപ്രതിനിധികളും ലാബിന്റെ പ്രവര്‍ത്തനത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡ, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ പ്രിയ, ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഷ്മ പികെ, സുരേഷ് വര്‍ഗീസ്, മെഡിക്കല്‍ കോളേജ്, പ്രിന്‍സിപ്പല്‍ ഡോ അബ്ദുള്‍ റഷീദ് എംഎച്ച്, മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പിപി മോഹനന്‍ , സൂപ്രണ്ട് രവികുമാര്‍ എസ് , എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സുജിത്ത് സുകുമാരന്‍ എന്നിവരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് മാറ്റു കൂട്ടി.

കിറ്റ്കോ പ്രൊജക്ട് മാനേജര്‍ സുഷകുമാരി, എഞ്ചിനീയര്‍ ആല്‍വിന്‍ ജോസഫ്, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ഡിയാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലാബിനുള്ളിലെ ഇലക്ട്രിക്കല്‍ സിവില്‍ ജോലികള്‍ ചെയ്തിരിക്കുന്നത്. എന്‍എച്ച്എം ബയോ മെഡിക്കല്‍ എഞ്ചിനീയര്‍ രേഖയാണ് ടെക്നിക്കല്‍ പിന്തുണ നല്കിയത്.
ഇടുക്കി മെഡിക്കല്‍ കോളേജിലെ ഫാമക്കോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ എസ്. അരുണിണിന്റെ നേതൃത്വത്തില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, എന്നിവ സന്ദര്‍ശിച്ച് സീനിയര്‍ ശാസ്ത്രജ്ഞരായ ഡോ രാധാകൃഷ്ണന്‍, ഡോ ശ്രീനിവാസന്‍, ഡയറക്ടര്‍ ഡോ. സുനിജ, കോട്ടയം തലപ്പാടി ലാബിലെ ഡോ. മോഹന്‍ കുമാര്‍, ഡോ. സതീശ് മുണ്ടേല്‍, കാലിക്കറ്റ് എംആര്‍യു വിഭാഗത്തിലെ ധനസൂരജ് , മൈക്രോ ബയോളജി വിഭാഗം ഡോ. ജയലക്ഷ്മി വി, ഡോ നിഷാ മജീദ്, തൗഫീഖ് യു ലാബ് ഇന്‍ചാര്‍ജ്ജ് എന്നിവരാണ് ലാബിന്റെ പദ്ധതി തയ്യാറാക്കാനുള്ള സാങ്കേതിക വിവരങ്ങള്‍ നല്കിയത്.

ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ പ്രിയ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സുജിത്ത് സുകുമാരന്‍, ലാബിന്റെ നോഡല്‍ ഓഫീസര്‍മാരായ ഫാമക്കോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അരുണും മൈക്രോ ബയോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.നിഷ മജീദ്, റിസേര്‍ച്ച് ഓഫീസര്‍മാരായ ജൂബി വില്‍സണ്‍, ഗ്രീഷ്മ കെ, മുഹമ്മദ് ഷെഫീര്‍ , കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ ദീപേഷ് വിവി തുടങ്ങിയവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker