സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം കൂടുന്നു; ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പതിനൊന്ന് ദിവസത്തിനിടെ 101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചു. സമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ട് ദിവസത്തെ റാപ്പിഡ് ആന്റി ബോഡി പരിശോധനയില്‍ ഇരുപത്തഞ്ചിലേറെപ്പേര്‍ക്ക് രോഗബാധ ഉള്ളതായി കണ്ടെത്തി. എന്നാല്‍ പി.സി.ആര്‍ ടെസ്റ്റിന് ശേഷമേ രോഗവിവരം സ്ഥിരീകരിക്കൂ. ജൂണില്‍ മാത്രം 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ വിദഗ്ദ്ധ സംഘം ആശുപത്രികള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
ഉറവിടമറിയാത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ രോഗബാധ എങ്ങനെയുണ്ടായെന്ന് അന്വേഷിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇന്നലത്തെ അവലോകന യോഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടത് ആശങ്കപ്പെടുത്തുന്നതെന്ന് വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രി പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. വിദഗ്ദ്ധ സംഘം രോഗം റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികള്‍ സന്ദര്‍ശിക്കുകയും, അണുബാധ നിയന്ത്രണത്തില്‍ വീഴ്ചകളുണ്ടോയെന്ന് പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കി.
സമൂഹവ്യാപനമുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആന്റി ബോഡി പരിശോധന നടത്തുന്നത്. മുമ്പ് രോഗം വന്നു പോയവരിലും ആന്റി ബോഡി പരിശോധന പോസിറ്റീവാകാം. പ്രവാസികളെത്തി തുടങ്ങിയ മേയ് ഏഴ് മുതല്‍ ഇന്നലെ വരെ 39 ആരോഗ്യപ്രവര്‍ത്തകരടക്കം 188 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്.
സംസ്ഥാനത്ത് ഇന്നലെ 83 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഒരാള്‍ കൊവിഡ് ബാധിച്ച് മരണമടയുകയും ചെയ്തു. കണ്ണൂര്‍ ഇരിട്ടിയില്‍ പയഞ്ചേരി പുതിയപറമ്പന്‍ വീട്ടില്‍ പി.കെ. മുഹമ്മദ് ആണ് മരിച്ചത്. 62 പേര്‍ക്കാണ് ഇന്നലെ കൊറോണ ഭേതമായത്.
രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 27 പേര്‍ വിദേശത്തു നിന്നും 37 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 14 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
തൃശൂര്‍ 25, പാലക്കാട് 13, മലപ്പുറം 10, കാസര്‍ഗോഡ് 10, കണ്ണൂര്‍ 7, കൊല്ലം 8, പത്തനംതിട്ട 5, കോട്ടയം 2, എറണാകുളം 2, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ കണക്ക്. 1258 പേരാണ് ഇനി ചികിത്സയിലുള്ളതെന്നും ഇന്നലെ 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.