31.7 C
Kottayam
Sunday, May 12, 2024

ലൈസൻസ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാൻ എം.വി.ഡി;ഡ്രൈവിങ്ങ് പരിഷ്‌കരണത്തിന്റെ ആദ്യപടി

Must read

തിരുവനന്തപുരം:സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മേയ് ഒന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകേണ്ട അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണെന്ന് വടകര ആര്‍.ടി.ഒ. അറിയിച്ചു. നിലവിലെ ഡ്രൈവിങ്‌ടെസ്റ്റ് സ്ലോട്ടുകള്‍ അനുസരിച്ച് ടെസ്റ്റിനായി തീയതിലഭിച്ച അപേക്ഷകരെ ഒന്നുമുതല്‍ ടെസ്റ്റിനായി പരിഗണിക്കില്ല.

മേയ് ഒന്ന് മുതലുള്ള ടെസ്റ്റിനായി നേരത്തെ തിയ്യതി ലഭിച്ച മുഴുവന്‍ അപേക്ഷകരും പുനഃക്രമീകരിച്ച ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകളില്‍നിന്ന് പുതുതായി തിയ്യതി എടുത്ത് ടെസ്റ്റിനായി ഹാജരാകണം. 29-ന് രാവിലെ 9 മണി മുതല്‍ സാരഥി സൈറ്റില്‍ പുതിയ തിയ്യതി എടുക്കാനുള്ളസൗകര്യം ലഭ്യമാകുമെന്നും അറിയിപ്പില്‍ പറഞ്ഞു. ദിവസം 20 പുതിയ അപേക്ഷകരെയും പത്ത് പരാജയപ്പെട്ടവരെയും മാത്രമാകും ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുപ്പിക്കുകയെന്നാണ് മുമ്പ് അറിയിച്ചിട്ടുള്ളത്.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നത് മാത്രമാണ് നിലവില്‍ പ്രാവര്‍ത്തികമാകുന്നതെന്നാണ് സൂചനകള്‍. മേയ് മുതല്‍ പുതിയ രീതിയില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദേശം ഓഫീസ് മേധാവിമാര്‍ക്ക് നല്‍കിക്കൊണ്ട് ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍, ടെസ്റ്റിങ് ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കാന്‍ കഴിഞ്ഞില്ലെന്നതാണ് പ്രധാന വെല്ലുവിളി.

മോട്ടോര്‍വാഹന വകുപ്പിന്റെ കൈവശമുള്ള എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകള്‍ പോലും പൂര്‍ണസജ്ജമല്ലെന്നാണ് സൂചനകള്‍. മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഓഫീസുകളില്‍ ടെസ്റ്റിനു സ്ഥലമൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍, ഒന്നരമാസം കാത്തിരുന്നിട്ടും തുക അനുവദിച്ചില്ല. ഇതിനിടെയാണ് മേയ് മുതല്‍ റിവേഴ്‌സ് പാര്‍ക്കിങ്ങും, ഗ്രേഡിയന്റ് പരീക്ഷണവും ഉള്‍പ്പെടെ ഡ്രൈവിങ് ടെസ്റ്റ് കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ദിവസം 100-ല്‍ അധികം ഡ്രൈവിങ് ടെസ്റ്റ് നടത്തിയ 15 ഉദ്യോഗസ്ഥരെക്കൊണ്ട് തിങ്കളാഴ്ച തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവര്‍ ടെസ്റ്റിങ് കേന്ദ്രത്തില്‍ ഡ്രൈവിങ് ടെസ്റ്റ് പരീക്ഷണം നടത്തും. മന്ത്രിയുടെ നിര്‍ദേശപ്രകാരം ഇവരെക്കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്തിക്കുകയും മേലുദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും ചെയ്യും. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ 100 ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week