32.3 C
Kottayam
Saturday, May 11, 2024

സഞ്ജു ഓറഞ്ച് ക്യാപ്പും സ്വന്തമാക്കും! പിറകിലായത് പന്തും രാഹുലും; മുന്നില്‍ ഇനി കോലി മാത്രം

Must read

ലഖ്‌നൗ: ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ഒന്നാമതുള്ള വിരാട് കോലിക്ക് തൊട്ടടുത്തെത്തി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 33 പന്തില്‍ 71 റണ്‍സുമായി പുറത്താവാതെ നിന്ന സഞ്ജു നിലവില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്, ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ എന്നിവരെ മറികടന്നാണ് സഞ്ജു രണ്ടാം സ്ഥാനത്തെത്തിയത്. ശരാശരിയുടെ കാര്യത്തിലും സഞ്ജു ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയാണ്.

ഒമ്പത് മത്സരങ്ങളില്‍ 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 77 റണ്‍സാണ് താരത്തിന്റെ ശരാശരി. 167.09 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ നേട്ടം. ഒന്നാമതുള്ള കോലിക്ക് ഒമ്പത് ഇന്നിംഗ്‌സില്‍ 430 റണ്‍സാണുള്ളത്. സ്‌ട്രൈക്ക് റേറ്റ് 145.76. ശരാശരി 61.43. സഞ്ജും കോലിയും തമ്മിലുള്ള വ്യത്യാസം 45 റണ്‍സാണ്. എന്നാല്‍ രാജസ്ഥാന്‍ പ്ലേ ഓഫിലെത്തുമ്പോള്‍ സഞ്ജുവിന് കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനുണ്ടാവും.

ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരുന്നു. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ സഞ്ജുവിനൊപ്പം മത്സരിക്കുന്ന കെ എല്‍ രാഹുലിന് ഒമ്പത് മത്സരങ്ങളില്‍ 378 റണ്‍സാണുള്ളത്. 144.72 സ്‌ട്രൈക്ക് റേറ്റിലും 42.00 ശരാശരിയുമുള്ള രാഹുല്‍ മൂന്നാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. 10 മത്സരങ്ങളില്‍ 46.38 ശരാശരിയില്‍ 371 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. 160.61 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

സഞ്ജുവിന്റെ കയറ്റത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണര്‍ സുനില്‍ നരെയ്ന്‍ അഞ്ചാം സ്ഥാനത്തായി. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ 32 പന്തില്‍ 71 റണ്‍സ് നേടിയതോടെ താരത്തിന് എട്ട് ഇന്നിംഗ്സില്‍ 44.62 ശരാശരിയില്‍ 357 റണ്‍സുണ്ട്. 184.02 ശരാശരിയും നരെയ്നുണ്ട്. എട്ട് കളികളില്‍ 349 റണ്‍സുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്കവാദ് ആറാമതുണ്ട്. 58.17 ശരാശരിയാണ് റുതുരാജിന്.

142.45 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഒമ്പത് മത്സരങ്ങളില്‍ 336 റണ്‍സെടുത്ത തിലക് വര്‍മ ഏഴാം സ്ഥാനത്തേക്കും കയറി. ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശനാണ് എട്ടാമത്. ഒമ്പത് മത്സരങ്ങളില്‍ 334 റണ്‍സാണ് സമ്പാദ്യം. 128.96 സട്രൈക്ക് റേറ്റ് മാത്രമാണ് താരത്തിന്. ശരാശരിയാവട്ടെ 37.11.

അതേസമയം, മുന്നോട്ട് കുതിക്കാനുള്ള അവസരം കഴിഞ്ഞ ദിവസം രാജസ്ഥാന്‍ താരം റിയാന്‍ പരാഗ് പാഴാക്കി. ഇന്നലെ 11 പന്തില്‍ 14 റണ്‍സ് മാത്രമെടുത്ത് പരാഗ് പുറത്തായിരുന്നു. റണ്‍വേട്ടക്കാരില്‍ ഒമ്പതാം സ്ഥാനത്താണ് പരാഗ്. 9 മത്സരത്തില്‍ 332 റണ്‍സാണ് പരാഗ് നേടിയത്. 55.33 ശരാശരി. അവസാന മത്സരത്തില്‍ ആര്‍സിബിക്കെതിരെ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ് പത്താം സ്ഥാനത്ത്. ഏഴ് കളികളില്‍ 325 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week