31.7 C
Kottayam
Saturday, May 11, 2024

‘മുഖസൗന്ദര്യത്തിനായിവാംപയർ ഫേഷ്യൽ’ ചെയ്ത സ്ത്രീകൾക്ക് എച്ച്.ഐ.വി. ബാധ

Must read

വാഷിങ്ടൺ: മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ചികിത്സകളിൽ സമീപകാലത്ത് ഇടംപിടിച്ച ‘വാംപയർ ഫേഷ്യൽ’ പരീക്ഷിച്ച അമേരിക്കൻ യുവതികൾക്ക് എച്ച്.ഐ.വി. ബാധ. യു.എസിലെ ന്യൂമെക്സിക്കോയിലാണ് സംഭവം.

ലൈസൻസില്ലാതെ പ്രവർത്തിച്ച കേന്ദ്രത്തിൽ 2018-ലാണ് ഇവർ ഫേഷ്യൽ ചെയ്തത്. സുരക്ഷാമുൻകരുതലുകൾ പാലിക്കാതെയാണ് സ്ഥാപനം സൗന്ദര്യചികിത്സ നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

സൂചികളുൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ പലതവണ ഉപയോഗിച്ചുവെന്നും രക്തംസൂക്ഷിച്ചിരുന്ന കുപ്പികളിൽ ആളുടെ പേരെഴുതിയിരുന്നില്ലെന്നും മനസ്സിലായി. ഇതാവാം എച്ച്.ഐ.വി. ബാധയ്ക്കിടയാക്കിയതെന്നാണ് വിലയിരുത്തൽ. സ്ഥാപനം 2018-ൽ പൂട്ടി. ഉടമയെ ജയിലിലടച്ചു.

ഇവിടെ സൗന്ദര്യചികിത്സ തേടിയ മൂന്നുപേർക്കെങ്കിലും എച്ച്.ഐ.വി. ബാധ സ്ഥിരീകരിച്ചു. ഇതോടെ സ്ഥാപനത്തിലെത്തിയ ഇരുനൂറോളം പേരിലും അവരുടെ പങ്കാളികളിലും എച്ച്.ഐ.വി. പരിശോധന നടത്തി. എന്നാൽ, അവർക്കാർക്കും അണുബാധയില്ല. ചികിത്സിച്ചില്ലെങ്കിൽ എയ്ഡ്സിനിടയാക്കുന്ന അണുബാധയാണിത്.

കുത്തിവെപ്പിലൂടെ സൗന്ദര്യചികിത്സ നടത്തുന്ന സ്ഥാപനങ്ങൾ അണുബാധ തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് യു.എസ്. ആരോഗ്യ ഏജൻസിയായ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറഞ്ഞു.

പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ മൈക്രോനീഡ്ലിങ് എന്ന സൗന്ദര്യ ചികിത്സയെയാണ് വാംപയർ ഫേഷ്യൽ എന്നു വിളിക്കുന്നത്. ഒരാളുടെ രക്തമെടുത്ത് അതിൽനിന്ന് പ്ലേറ്റ്ലെറ്റ് വേർതിരിച്ച് അയാളുടെ മുഖത്ത് കുത്തിവെക്കുകയാണ് ചെയ്യുന്നത്. ചർമകോശങ്ങളുടെയും കോളാജന്റെയും വളർച്ചയെ പ്ലേറ്റ്ലെറ്റുകൾ ത്വരപ്പെടുത്തും.

മുഖത്തെ പാടുകൾ, ചുളിവുകൾ എന്നിവമാറ്റാൻ ഫലപ്രദമാണ് ഈ ചികിത്സയെന്ന് ഇതിന്റെ പ്രചാരകർ പറയുന്നു. വാംപയർ ഫേഷ്യൽ ചെയ്ത വിവരം നടി കിം കർദാഷിയാൻ പങ്കിട്ടതോടെയാണ് ഇതിന് വലിയ പ്രചാരം കിട്ടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week