29.1 C
Kottayam
Saturday, May 4, 2024

അനുമതി കാത്ത് കിടക്കുന്നത് 407 ചാര്‍ട്ടേഡ് വിമാനങ്ങള്‍; വിദേശത്ത് നിന്ന് കേരളത്തിലേക്കെത്തുന്നത് ഒന്നേകാല്‍ ലക്ഷം പേര്‍

Must read

തിരുവനന്തപുരം: വിദേശത്ത് നിന്ന് സ്വന്തം നാടായ കേരളത്തിലേക്ക് തിരികെ എത്താനുള്ള അനുമതി കാത്ത് കിടക്കുന്നത് ഒന്നേകാല്‍ലക്ഷത്തോളം പ്രവാസികള്‍. 407 ചാര്‍ട്ടേഡ് വിമാനങ്ങളാണ് സംസ്ഥാനത്തേക്കുവരാന്‍ അനുമതി കാത്തുകിടക്കുന്നത്. മുന്നൂറോളം ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടനെത്തുമെന്നാണു കരുതുന്നതെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സര്‍ക്കാരിനെ അറിയിച്ചു. ഇതില്‍ അമ്പതിനായിരത്തിനും ഒരുലക്ഷത്തിനുമിടയില്‍ ആളുകളെയാണു പ്രതീക്ഷിക്കുന്നത്. തിരിച്ചെത്തുന്നവരില്‍ 64 ശതമാനം സ്ത്രീകളും പ്രായമായവരും കുട്ടികളുമാണ്. ഇവരെ വിമാനത്താവളങ്ങളില്‍ത്തന്നെ ദ്രുതപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

വിമാനം വരുന്നതിന് മൂന്നുദിവസം മുമ്പുമാത്രമാണ് യാത്രക്കാരുടെ പട്ടിക അതത് എംബസികള്‍ സര്‍ക്കാരിനു കൈമാറുക. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഏഴു ജില്ലകളില്‍നിന്നുള്ളവരാണ് തിരികെ എത്തുന്നവരില്‍ അധികവും. അതുകൊണ്ട് തന്നെ ഈ ജില്ലകളിലെ ക്വാറന്റൈന്‍ നടപടികള്‍ ശക്തമാക്കും. ഇവര്‍ക്കാവശ്യമായ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കാനും മറ്റ് നടപടികള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും പോലീസിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നുമായി ഡിസംബര്‍വരെ നാട്ടിലെത്താന്‍ 5,59,125 പേര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇതില്‍ 40,653 പേരാണ് വിദേശത്തുനിന്ന് രജിസ്റ്റര്‍ചെയ്തത്. മൊത്തം രജിസ്റ്റര്‍ ചെയ്തവരില്‍ പാസിന് അപേക്ഷിച്ചവര്‍ 4,29,060 പേരാണ് (പ്രവാസികള്‍38,165). ഇതില്‍ 3,79,032 പേര്‍ക്ക് പാസ് അനുവദിച്ചു (പ്രവാസികള്‍38,165).

ഇതുവരെ തിരിച്ചെത്തിയവരില്‍ യു.എ.ഇ., സൗദി, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്നെത്തിയവര്‍ക്കാണ് രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 665 പേര്‍ ഐസൊലേഷനില്‍ കഴിയുകയാണ്. വിദേശത്തുനിന്നെത്തിയവരില്‍ 3692 പേര്‍ ഗര്‍ഭിണികളായിരുന്നു. ഇതില്‍ 34 പേര്‍ കപ്പല്‍മാര്‍ഗമെത്തിയവരാണ്. 1480 പേര്‍ വയോജനങ്ങളും 4507 പേര്‍ പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളുമായിരുന്നു. ഈ അനുപാതംകൂടി കണക്കിലെടുത്താണ് ഇനിയുള്ള ക്വാറന്റീന്‍ നടപടികള്‍ ക്രമപ്പെടുത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week