KeralaNews

കുന്നുകുഴി ഫ്രാൻസിസ് കൊലക്കേസിൽ പുത്തൻപാലം രാജേഷിനെ കോടതി വെറുതെ വിട്ടു

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷ് മുഖ്യ പ്രതിയായ കുന്നുകുഴി ഫ്രാൻസിസ് കൊലക്കേസിൽ ഒന്നാം പ്രതി കുന്നുകുഴി ബാർട്ടൺഹിൽ കോളനി സ്വദേശി അനിക്കുട്ടൻ എന്ന അനിൽകുമാറിനെ ജീവപര്യന്തം കഠിന തടവിനും ആറു ലക്ഷം രൂപ പിഴയൊടുക്കാനും തലസ്ഥാന വിചാരണ കോടതി ശിക്ഷിച്ചു.

തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ഒന്നാം പ്രതിയെ ശിക്ഷിച്ചത്. അതേ സമയം മൂന്നാം പ്രതി പുത്തൻപാലം രാജേഷിനെ കോടതി വെറുതെ വിട്ടു. രാജേഷിനെതിരെ നേരിട്ടുള്ള വായ് മൊഴിയിലോ, രേഖാമൂലമായോ ഉള്ള തെളിവുകളോ സാഹചര്യത്തെളിവുകളോ പൊലീസ് ഹാജരാക്കിയിട്ടില്ലെന്ന് ജഡ്ജി പ്രസുൻ മോഹൻ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

വഞ്ചിയൂർ വില്ലേജിൽ കുന്നുകുഴി ബാർട്ടൺഹിൽ കോളനി സ്വദേശികളായ അനിക്കുട്ടൻ എന്ന അനിൽകുമാർ (കൃത്യസമയം 20 വയസ്) , കുട്ടൻ എന്ന ബിനു (19) ( വിചാരണക്കിടെ മരണപ്പെട്ടു ), കണ്ണമ്മൂല സ്വദേശി രാജേഷ് (21) , കുന്നുകുഴി സ്വദേശി ദിലീപ് (19) ( വിചാരണക്കിടെ ഒളിവിൽ പോയതിനാൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പിടികൂടുന്ന മുറക്ക് പ്രത്യേകം വിചാരണ ചെയ്യും) എന്നിവരാണ് ഫ്രാൻസിസ് കൊലക്കേസിലെ 1 മുതൽ 4 വരെയുള്ള പ്രതികൾ. അനിക്കുട്ടനും പുത്തൻപാലം രാജേഷും മാത്രമാണ് വിചാരണ നേരിട്ടത്.

1998 ഓഗസ്റ്റ് 2 ന് വൈകി 7 നാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഫ്രാൻസിസും രണ്ടാം പ്രതിയുമായി കുന്നുകുഴി ജംഗ്ഷന് സമീപം വെച്ച് 5.45 ന് വാക്കുതർക്കമുണ്ടായതിൽ വച്ചുള്ള വിരോധത്താൽ പ്രതികൾ ഗൂഢാലോചന നടത്തി രാത്രി 7.05 മണിക്ക് കുന്നുകുഴി കലാവിഹാർ ലെയിനിൽ വെട്ടുകത്തികളും കമ്പികളുമായി എത്തി , കുന്നുകുഴിയിലേക്ക് കൂട്ടുകാരനൊപ്പം നടന്നു പോകുകയായിരുന്ന ഫ്രാൻസിസിനെ വെട്ടുകത്തി കൊണ്ട് വെട്ടാനോടിച്ച് പിന്തുടർന്ന് മൂന്നും നാലും സാക്ഷികൾ താമസിക്കുന്ന വീട്ടിൽ ഫ്രാൻസിസ് കയറിയ സമയം ഹാൾ മുറിക്കുള്ളിലിട്ട് തലയിൽ രണ്ടു വെട്ടിയും വെട്ടു കൊണ്ട്

സെറ്റിയിൽ വീണ സമയം ശരീരത്തിന്റെ പല ഭാഗത്തും വെട്ടുകയും ഫ്രാൻസിസ് തടയുകയും ഫ്രാൻസിസ് അവിടെ നിന്നും ഓടി രക്ഷപ്പെടാതിരിക്കുന്നതിനായി വീണ്ടും വെട്ടി മരണം ഉറപ്പാക്കി പ്രതികൾ പരസ്പരം ഉത്സാഹികളായും സഹായികളുമായി നിന്ന് പ്രവർത്തിച്ച് കൊലപാതകം , ഗൂഢാലോചന , കൂട്ടായ്മ എന്നീ കുറ്റങ്ങൾ ചെയ്തുവെന്നാണ് കേസ്. 2004 ലാണ് മ്യൂസിയം പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ ഹാജരായി.

വിദേശത്തുള്ള ദൃക്‌സാക്ഷികൾ വീഡിയോ കോൺഫറൻസിലൂടെ ഒന്നാം പ്രതിയേയും ആയുധങ്ങളും മാത്രമാണ് തിരിച്ചറിഞ്ഞു മൊഴി നൽകിയത്. ജുഡീഷ്യൽ കമ്മീഷനായി നിയമിക്കപ്പെട്ട തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ മജിസ്ട്രേട്ട് എ. അനീസ മുമ്പാകെയാണ് ഒന്നാം പ്രതിയും ആയുധങ്ങളും തിരിച്ചറിഞ്ഞ് മൊഴി നൽകിയത്. മൂന്നും നാലും സാക്ഷികളും യു എസ് എ യിൽ സ്ഥിരതാമസക്കാരുമായ പി.സി.മാത്യു , സഞ്ജു മാത്യു എന്നിവരെയാണ് വിസ്തരിച്ചത്.

സാക്ഷികൾ അമേരിക്കയിലെ ഷിക്കാഗോ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും പ്രതികൾ വഞ്ചിയൂർ മജിസ്ട്രേട്ട് കോടതി പ്രതിക്കൂട്ടിൽ നിന്നുമാണ് വിചാരണയിൽ പങ്കെടുത്തത്. വിദേശത്തുള്ള ദൃക്‌സാക്ഷികളുടെ സാക്ഷി വിസ്താരം വീഡിയോ കോൺഫറൻസിലൂടെ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കമ്മീഷൻ വിസ്താരം നടത്താൻ തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.

വിദേശത്തുള്ള സാക്ഷികൾ സമീപ ഭാവിയിലൊന്നും നാട്ടിലെത്തില്ലെന്ന് മ്യൂസിയം പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതിനാലാണ് സാക്ഷി വിസ്താരത്തിന് മജിസ്‌ട്രേട്ട് കമ്മീഷനെ നിയോഗിച്ചത്. പ്രോസിക്യൂഷന് പ്രസക്തവും അവശ്യവുമായ . പ്രതികളുടെ വെട്ടേറ്റ് ഫ്രാൻസിസ് ഓടിക്കയറിയത് ഇവരുടെ വീട്ടിലാണ്. ഇവരുടെ കൺമുന്നിലിട്ട് വീണ്ടും മരണം ഉറപ്പാക്കുകയായിരുന്നു.

ദൃക്‌സാക്ഷികളായ വീട്ടുകാരുടെ വായ് മൊഴി തെളിവ് , പ്രതികളുടെ തിരിച്ചറിഞ്ഞ് മൊഴി നൽകൽ എന്നിവ അത്യന്താപേക്ഷിതമാകയാൽ ഇവരെ ഒഴിവാക്കാനാവില്ലന്നും വിസ്തരിക്കണമെന്നുമുള്ള അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാറിന്റെ ആവശ്യം അംഗീകരിച്ചാണ് മുൻ ജഡ്ജി എൽ. ജയവന്ദ് ഉത്തരവിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button