ഊട്ടി കൂനൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു; 30 പേർക്ക് പരിക്ക്
ഊട്ടി: കൂനൂർ-മേട്ടുപ്പാളയം ദേശീയപാതയിൽ മരപ്പാലത്തിനടുത്ത് വിനോദസഞ്ചാരികളുമായി വന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് തെങ്കാശി സ്വദേശികളായ എട്ടുപേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടാണ് സംഭവം.
നിതിൻ (15), ബേബികല (42), മുരുകേശൻ (65), കൗസല്യ (29), ഇളങ്കോ (64), മുപ്പുട്ടാതി (67), ശെൽവൻ എന്നിവരാണ് മരിച്ചത്. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ സഹഡ്രൈവറാണെന്ന് പറയുന്നു. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്.
തെങ്കാശി കടയം ഭാഗത്തുനിന്നുവന്ന് ഊട്ടി സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. 54 യാത്രക്കാരുണ്ടായിരുന്നു. ബസ് സംരക്ഷണഭിത്തി തകർത്ത് 55 അടിയോളം താഴ്ചയിലേക്കാണ് വീണത്. യാത്രക്കാരുടെ നിലവിളികേട്ട് മറ്റുബസുകളിലെ ഡ്രൈവർമാരും മറ്റും പോലീസിനെ വിവരമറിയിച്ചു.
അഗ്നിരക്ഷാസേനാവിഭാഗവും റവന്യൂ ഉദ്യോഗസ്ഥരുമെത്തി രക്ഷാപ്രവർത്തനം നടത്തി. കയർ ഉപയോഗിച്ച് കൊക്കയിലേക്ക് ഇറങ്ങിയാണ് ബസിനടിയിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ 10 ആംബുലൻസുകളിലായി കൂനൂർ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ഇവരെ മേട്ടുപ്പാളയം ആശുപത്രിയിലേക്കും കോയമ്പത്തൂർ മെഡിക്കൽകോളേജിലേക്കും മാറ്റി. ഗുരുതരപരിക്കേറ്റവരാണ് രാത്രിയോടെ മരിച്ചത്.
രക്ഷാപ്രവർത്തനത്തിന് നീലഗിരി കളക്ടർ എം. അരുണ, ജില്ലാ പോലീസ് മേധാവി കെ. പ്രഭാകർ എന്നിവർ നേതൃത്വം നൽകി. കനത്ത മൂടൽമഞ്ഞും ഇരുട്ടുമായതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. കൂനൂർ ആശുപത്രിയിൽ ആരോഗ്യ ജോയന്റ് ഡയറക്ടർ പളനിസ്വാമിയുടെ നേതൃത്വത്തിലാണ് ചികിത്സാസൗകര്യങ്ങൾ ഒരുക്കിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപവീതവും മറ്റുള്ളവർക്ക് 50,000 രൂപവീതവും മുഖ്യമന്ത്രി അടിയന്തരസഹായം പ്രഖ്യാപിച്ചു.
അപകടത്തെത്തുടർന്ന് കൂനൂർ-മേട്ടുപ്പാളയം പാതയിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ കോത്തഗിരിവഴി തിരിച്ചുവിട്ടു.