ബോക്സ് ഓഫീസിൽ കൂപ്പുകുത്തി ‘വാക്സിൻ വാർ’വിവേക് അഗ്നിഹോത്രിയ്ക്ക് നിരാശ
വിവേക് അഗ്നിഹോത്രിയുടെ ബിഗ് ബജറ്റ് ചിത്രം വാക്സിൻ വാർ ബോക്സ് ഓഫീസിൽ വീർപ്പുമുട്ടുകയാണ്. സെപ്റ്റംബർ 28-ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ രണ്ടാം ദിവസവും നിരാശപ്പെടുത്തി. ആദ്യ ദിവസം തന്നെ തണുത്ത പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകർ നൽകിയത്. വീണ്ടുമൊരു കശ്മീർ ഫയൽസ് ആവർത്തിക്കാമെന്ന സംവിധായകന്റെ ആഗ്രഹത്തെ പ്രേക്ഷകർ ഏറ്റെടുത്തില്ല.
80 ലക്ഷം രൂപയാണ് ചിത്രത്തിന് ആദ്യ ദിനം സ്വന്തമാക്കാനായത്. സാക്നിൽക്കിന്റെ കണക്ക് പ്രകാരം, രണ്ട് ദിവസം കൊണ്ട് ചിത്രം ആകെ നേടിയത് 1.70 കോടി രൂപയാണ്. വെറും 11.77 ശതമാനം ഒക്യുപെൻസി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പങ്കജ് ത്രിപാഠിയുടെ ഫുക്രി 3 ബോക്‌സ് ഓഫീസിൽ രണ്ട് ദിവസം കൊണ്ട് 16.32 കോടി സ്വന്തമാക്കിയിടത്താണ് പത്തിൽ പോലും എത്താൻ സാധിക്കാതെ വാക്സിൻ വാർ കൂപ്പു കുത്തിയത്.
ഇതിനിടെ ‘ജവാൻ’, ‘ഗദർ 2’ എന്നീ രണ്ട് വമ്പൻ ചിത്രങ്ങളോട് ഏറ്റുമുട്ടാൻ പോലും സാധിക്കാൻ വാക്സിൻ വാറിന് സാധിച്ചിട്ടില്ല. കശ്മീർ ഫയൽസ് പോലെ വലിയ വിജയം നേടുമെന്ന് നിർമ്മാതാക്കൾ പ്രതീക്ഷിരുന്നിടത്താണ് ചിത്രം നിരാശപ്പെടുത്തുന്നത്. പല്ലവി ജോഷി, അനുപം ഖേര്‍, നാനാ പടേകര്‍, റെയ്മ സെന്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹന്‍ കൗപുര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുഗു, തമിഴ്, കന്നഡ, ഉറുദു എന്നീ 11 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. അഗ്നിഹോത്രിയുടെ ഭാര്യ പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സും അഭിഷേക് അഗര്‍വാളും ചേര്‍ന്ന് അഗര്‍വാള്‍ ആര്‍ട്ടിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.