BusinessNationalNews

സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റിന് പത്ത് ലക്ഷം രൂപ പിഴ;പരസ്യം നിര്‍ത്തിവെയ്ക്കാനും ഉത്തരവ്

ഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. പരസ്യം നൽകുന്നത് ഏഴ് ദിവസത്തിനുളളിൽ നിർത്തിവെക്കാനും അതോറിറ്റി ഉത്തരവിട്ടു.

ഔദ്യോ​ഗിക പത്രക്കുറിപ്പിലൂടെയാണ് കമ്പനിക്കെതിരെ ഉത്തരവിട്ടത്. ‘ലോകമെമ്പാടുമുള്ള ദന്തഡോക്ടർമാർ ശുപാർശ ചെയ്‌തത്’, ‘ലോകത്തിലെ ഒന്നാം നമ്പർ സെൻസിറ്റിവിറ്റി ടൂത്ത്‌പേസ്റ്റ്’ എന്നീ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സെൻസോഡൈൻ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ പിൻവലിക്കാനാണ് ഉത്തരവിൽ പറയുന്നത്.

പരസ്യത്തിൽ ടൂത്ത് പേസ്റ്റിന് വിദേശ ദന്ത ഡോക്ടർമാരുടെ അംഗീകാരം ഉണ്ടെന്ന് കാണിക്കുന്ന പരസ്യങ്ങൾ നിർത്താനും ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മേധാവി നിധി ഖാരെ പറഞ്ഞു.

വിദേശ ദന്ത ഡോക്ടർമാരുടെ അം​ഗീകാരം കാണിക്കുന്ന പരസ്യങ്ങൾ നിർത്തലാക്കാൻ ആവശ്യപ്പെട്ട് 2022 ഫെബുവരി 9ന് അതോറിറ്റി ഉത്തരവിറക്കിയിരുന്നു. ടിവി, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലൂടെ സെൻസോഡൈൻ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ നൽകുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സ്വമേധയാ നടപടി ആരംഭിച്ചിരുന്നു.

ബ്രിട്ടനിൽ വരെ ദന്തഡോക്ടർമാർ പല്ലിന്റെ സംവേദനക്ഷമതയ്‌ക്കെതിരായ സംരക്ഷണത്തിനായി സെൻസോഡൈൻ റാപ്പിഡ് റിലീഫ്, സെൻസോഡൈൻ ഫ്രെഷ് ജെൽ എന്നിവയുടെ ഉപയോഗം അംഗീകരിക്കുന്നതായി പരസ്യത്തിൽ കാണിക്കുന്നുണ്ട്. ‘ലോകമെമ്പാടുമുള്ള ദന്തഡോക്ടർമാർ ശുപാർശ ചെയ്‌തത്’, ‘ലോകത്തിലെ ഒന്നാം നമ്പർ സെൻസിറ്റിവിറ്റി ടൂത്ത്‌പേസ്റ്റ്’ എന്ന പരാമർശത്തോടു കൂടിയായിരുന്നു ഇത് പ്രദ​ർശിപ്പിച്ചിരുന്നത്. 60 സെക്കൻഡുകൾക്കുളളിൽ രോ​ഗികൾക്ക് ആശ്വാസം ലഭിക്കുമെന്നും പരസ്യത്തിൽ പറയുന്നു.

ഇന്ത്യയ്ക്ക് പുറത്ത് പരിശീലനം നടത്തുന്ന ഡോക്ടര്‍മാര്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സിസിപിഎ കണ്ടെത്തിയത്. ഇത് ഇന്ത്യന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019 സെക്ഷന്‍ 2 (28) ന്റെ ലംഘനമാണ്. അതേസമയം, ഇന്ത്യൻ ദന്ത ഡോക്ടർമാരെ ഉപയോ​ഗിച്ചാണ് പരസ്യം ചിത്രീകരിച്ചതെന്ന് കമ്പനി നൽകിയ രണ്ടു മാർക്കറ്റ് സർവ്വേയിൽ പറയുന്നതായി സിസിപിഎ പറഞ്ഞു.

പരസ്യങ്ങളിലെ അവകാശവാദങ്ങളെ സാധൂകരിക്കുന്നതിനോ സെൻസോഡൈൻ ഉൽപ്പന്നങ്ങളുടെ ഏതെങ്കിലും പ്രാധാന്യത്തെ സൂചിപ്പിക്കുന്നതിനോ കമ്പനി ഒരു സമഗ്രമായ പഠന റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല. അത്കൊണ്ടു തന്നെ പരസ്യം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാ​ഗത്തുനിന്ന് ന്യായീകരണമില്ലെന്നും മന്ത്രാലയം നിരീക്ഷിച്ചു. ഉത്പന്നങ്ങളുടെ വിശ്വാസ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, കേന്ദ്ര ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ എന്നിവക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കത്ത് എഴുതിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker