ഒരുത്തീയ്ക്ക് രണ്ടാം ഭാഗം, സിനിമ പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ
ഒരിടവേളക്ക് ശേഷം നവ്യ നായർ(Navya Nair) മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ‘ഒരുത്തീ'(Oruthee). ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ ചിത്രത്തിന് അഭിനന്ദനമറിയിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഒരുത്തീക്ക് രണ്ടാം ഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിറ പ്രവർത്തകർ. സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ എന്ന സമുദ്രശിലയിലെ വാചകം എഴുതികൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചാണ് രണ്ടാം ഭാഗത്തിന്റെ വിവരം പുറത്തുവിട്ടത്.
വി കെ പ്രകാശ് സംവിധാനവും, എസ് സുരേഷ് ബാബു തിരക്കഥയും ബെൻസി നാസർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്‌ദുൾ നാസർ നിർമ്മിക്കുകയും ചെയ്യുന്ന ഒരുത്തീ 2 ഈ വർഷം ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. നവ്യാ നായരും, വിനായകനും, സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളായി ഒരുത്തീ 2 യിലും ഉണ്ടാകും.
ഒരുത്തീ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുത്തീയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഒരുക്കുന്നത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറ്റുവാങ്ങി തീയറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്.
മാർച്ച് 18ന് റിലീസ് ചെയ്ത ഒരുത്തീ തീയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ‘ദ ഫയര്‍ ഇന്‍ യു’ എന്ന ടാഗ് ലൈനിലാണ് ‘ഒരുത്തീ’ എത്തിയത്. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രമാണ് ഒരുത്തീ.
ജിംഷി ഖാലിദ് ആണ്ഛായാഗ്രാഹകൻ. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രചിച്ചിരിക്കുന്നത്. തകര ബാന്റ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ലിജോ പോൾ എഡിറ്ററും ഡിക്‌സൺ പൊടുതാസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാണ്. ആലങ്കോട് ലീലാകൃഷ്ണനും ബി കെ ഹരിനാരായണനും ചേർന്നാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്.