കനത്ത തോല്‍വി; കോണ്‍ഗ്രസ് അടിയന്തര പ്രവര്‍ത്തക സമിതി യോഗം ഇന്ന്
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ കനത്ത തോല്‍വിയെ തുടര്‍ന്നു കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തര പ്രവര്‍ത്തക സമിതി യോഗം ഇന്ന്. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ എഐസിസി ആസ്ഥാനത്ത് ഇന്നു വൈകുന്നേരം നാലിനു ചേരുന്ന യോഗത്തില്‍ നേതൃമാറ്റം, സംഘടനാ തെരഞ്ഞെടുപ്പ് അടക്കമുള്ള ആവശ്യങ്ങള്‍ ജി 23 നേതാക്കള്‍ ഉന്നയിക്കുമെന്നാണു സൂചന.
രാഹുല്‍ ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ക്കെതിരേയുള്ള ഒരു വിഭാഗത്തിന്റെ നീക്കം തടുക്കാന്‍ ഔദ്യോഗിക വിഭാഗം നേതാക്കളും തന്ത്രങ്ങള്‍ മെനയുന്നുണ്ട്. നെഹ്‌റു, ഗാന്ധി കുടുംബത്തെ തഴയാന്‍ അനുവദിക്കില്ലെന്നാണു രാഹുല്‍ അനുകൂലികളുടെ നിലപാട്. യുപിയിലെ ചരിത്ര തോല്‍വിക്കു പിന്നാലെ പ്രിയങ്ക വദ്രയെ പാര്‍ട്ടി അധ്യക്ഷ പദവിയിലേക്കു കൊണ്ടുവരാനുള്ള നീക്കത്തിനും തിരിച്ചടിയേറ്റു. പ്രിയങ്കയെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കുന്നതിനോട് സോണിയയും രാഹുലും മുതിര്‍ന്ന നേതാക്കളും അനുകൂലിക്കുമോയെന്നതും വ്യക്തമല്ല.
അതിനിടെ സോണിയ പാര്‍ട്ടിയുടെ താത്കാലിക അധ്യക്ഷപദവും ഒഴിയാന്‍ താത്പര്യപ്പെടുന്നുവെന്നും പ്രിയങ്ക എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞേക്കുമെന്നും വാര്‍ത്തയുണ്ട്. എന്നാല്‍, ഈ വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു. അഞ്ചിടത്തും തോറ്റതിലൂടെ ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രവര്‍ത്തകര്‍ക്കു പ്രതീക്ഷയും പ്രത്യാശയും കൊടുക്കാതെ തരമില്ലെന്നതില്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയിലെ ഏതാണ്ടെല്ലാവര്‍ക്കും ഏകാഭിപ്രായമാണ്. ഇതിന്റെ മാര്‍ഗങ്ങളിലാണു തര്‍ക്കം.
രാഹുലിനു പകരക്കാരനാകാന്‍ കഴിവും ജനസ്വാധീനവുമുള്ള നേതാവിന്റെ അഭാവം കോണ്‍ഗ്രസിനെ വലയ്ക്കുന്നു. നേതൃമാറ്റം ഇനിയും നീട്ടിയാല്‍ ഏതാനും മാസങ്ങള്‍ക്കകം പാര്‍ട്ടി പിളര്‍പ്പിലേക്കു നീങ്ങാനും സാധ്യതയുണ്ട്. കമല്‍നാഥ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളും രാഹുല്‍ ബ്രിഗേഡിനെതിരേ രംഗത്തുണ്ട്. 54 അംഗ വര്‍ക്കിംഗ് കമ്മിറ്റിയില്‍ സോണിയ, രാഹുല്‍, പ്രിയങ്ക പക്ഷത്തിനു വലിയ ഭൂരിപക്ഷമുണ്ടെങ്കിലും വിശ്വസ്തരില്‍ ചിലരും ഇവരെ കൈവിടുമെന്നാണു സൂചന.