BusinessInternationalNews

ഒറ്റദിവസത്തില്‍ പെട്രോളിന് ലിറ്ററിന് 77 രൂപയും, ഡീസലിന് 55 രൂപയും വര്‍ദ്ധിപ്പിച്ചു, ഞെട്ടിത്തരിച്ച് ശ്രീലങ്ക

കൊളംബോ: ഒറ്റദിവസത്തില്‍ ശ്രീലങ്കയില്‍ (Sri Lanka) പെട്രോളിന് ലിറ്ററിന് 77 രൂപയും, ഡീസലിന് 55 രൂപയും വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ എണ്ണകമ്പനിയായ സിലോണ്‍ പെട്രോളിയമാണ് (Ceylon Petroleum) വില വര്‍ദ്ധനവ് നടത്തിയത്. ലങ്കയിലെ കറന്‍സിയായ ശ്രീലങ്കന്‍ റൂപ്പീസിന് (LKR – Sri Lankan Rupees)  ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ് ലങ്കയിലെ പ്രധാന എണ്ണവിതരണ കമ്പനിയാണ്. ഐഒസിയും വില വര്‍ദ്ധിപ്പിച്ചതോടെയാണ് ശ്രീലങ്കയിലെ എണ്ണവില ഉയര്‍ന്നത്. ശ്രീലങ്കന്‍ രൂപയില്‍ ഡീസലിന് 50 രൂപയും, പെട്രോളിനും 75 രൂപയും ഐഒസി വര്‍ദ്ധിപ്പിച്ചിരുന്നു. 

ഇതോടെ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പെട്രോളിന് 43.5 ശതമാനവും, ഡീസലിന് 45.5 ശതമാനവും വര്‍ദ്ധനവാണ് നടത്തിയത്. ഇതോടെ ശ്രീലങ്കയില്‍ പെട്രോളിന് ശ്രീലങ്കന്‍ രൂപയില്‍ ലിറ്ററിന് 254 രൂപയും, പെട്രോളിന് 176 രൂപയുമായി. അതേ സമയം പെട്രോള്‍ വിലയില്‍ ഏതാണ്ട് ഒരേ വിലയാണെങ്കിലും ഡീസല്‍ വിലയില്‍ സിപിസി വിലയേക്കാള്‍ 30 രൂപയോളം താഴെയാണ് ലങ്കന്‍ ഐഒസി വില. 

ഇന്ധന വിലവര്‍ധനവുണ്ടാകുമെന്ന (Fuel price) ആശങ്കക്കിടെ മറുപടിയുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി (Hardeep singh puri). എണ്ണവിലയുടെ കാര്യത്തില്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം മാത്രമേ സര്‍ക്കാറില്‍ നിന്നുണ്ടാകൂവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യത്തും ഇന്ധനവില ഉയര്‍ന്നേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ‘ആഗോളമായിട്ടാണ് എണ്ണ വില നിശ്ചയിക്കുന്നത്. യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വിലകൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് ഇത് കാരണമാകും.

എന്നാല്‍ ജനതാല്‍പര്യം മാനിച്ചേ സര്‍ക്കാര്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് ഇന്ധനവില വര്‍ധിക്കാത്തത് എന്ന ആരോപണവും മന്ത്രി തള്ളിയിരുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ തുടങ്ങിയ രാഷ്ട്രീയ നിര്‍ണായക സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഇന്ധന വില നിയന്ത്രിക്കുന്നില്ലെന്നും രാജ്യത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ധന വില ഉയര്‍ന്നേക്കും

യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധന വില കൂട്ടിയേ തീരൂവെന്നാണ് എണ്ണക്കമ്പനികൾ എത്തിയിരിക്കുന്ന സ്ഥിതി. എണ്ണ വില ഉയർത്താതെ നാല് മാസം പിന്നിട്ടതും ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ 13 വർഷത്തെ ഏറ്റവും ഉയർന്ന വിലയായതും വലിയ വെല്ലുവിളിയാണ്. അതിനിടെയാണ് അടുത്ത ദിവസങ്ങളിൽ ഘട്ടംഘട്ടമായി എണ്ണവില ഉയർത്തുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേർസ് കേന്ദ്രസർക്കാരിലെ ഉന്നതരെ പേര് വെളിപ്പെടുത്താതെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ വർഷം നവംബർ നാലിനാണ് അവസാനമായി ഇന്ധന വിലയിൽ മാറ്റം വന്നത്. കഴിഞ്ഞ നാല് മാസമായി മാറ്റമുണ്ടായിട്ടില്ല. നവംംബർ നാലിനാണ് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറച്ചത്. ഇതിന് പിന്നാലെ ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വന്നതോടെ ദിനേനയുള്ള വില നിശ്ചയിക്കലിൽ നിന്ന് എണ്ണക്കമ്പനികൾ പിന്നോട്ട് പോയി.

കേന്ദ്രസർക്കാരിന് എണ്ണക്കമ്പനികളുടെ വില നിർണയാധികാരത്തിൽ യാതൊരു സ്വാധീനവുമില്ലെന്നാണ് യാഥാർത്ഥ്യം. എങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് എണ്ണവില സ്ഥിരതയോടെ നിൽക്കുന്നതാണ് പതിവ് രീതി. ഇക്കാരണത്താലാണ് കഴിഞ്ഞ നാല് മാസത്തിലേറെയായി എണ്ണ വില ഉയരാതിരുന്നതെന്നാണ് ജനം പൊതുവെ വിശ്വസിക്കുന്നത്.

നവംബർ നാലിന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 85 ഡോളറായിരുന്നു. ഇവിടെ നിന്ന് പിന്നീട് 70 ഡോളറിലേക്ക് വരെ ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു. എന്നാൽ യുദ്ധം വന്നതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന് കഴിഞ്ഞ രാത്രി 130 ഡോളറിലേക്കെത്തി. ഇപ്പോൾ 128 ഡോളറാണ് അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില.

അന്താരാഷ്ട്ര വിപണിയിൽ  ക്രൂഡ് ഓയിൽ വിലയിൽ അസാധാരണ കുതിപ്പാണ് നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 130 ഡോളർ വരെ ഉയർന്നു.  13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില ഒൻപത് ശതമാനമാണ് ഉയർന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. നൂറിലേറെ ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ തുടരുന്ന പെട്രോൾ – ഡീസൽ വിലയിലും കാര്യമായ വാർധനവുണ്ടാകുമെന്നാണ് വിവരം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില 85 ഡോളറിൽ നിൽക്കുമ്പോഴാണ് അവസാനമായി ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉയർന്നത്. രാജ്യത്ത് പെട്രോൾ വിലയിൽ ഒറ്റയടിക്ക് 25 രൂപ വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker