KeralaNews

അട്ടിമറി ശ്രമങ്ങൾക്കൊടുവിൽ വെട്ടിനിരത്തലും?അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍; പിഎസ് സി പുറത്തിറക്കിയ ചുരുക്കപ്പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം

തിരുവനന്തപുരം: അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് പിഎസ് സി പരീക്ഷ നടത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത് എത്തി.

ഇംഗ്ലീഷ് ഭാഷയില്‍ പരീക്ഷ എഴുതിയവരുടെ ഉത്തരക്കടലാസുകള്‍ മാത്രമാണ് മൂല്യനിര്‍ണയം നടത്തിയിരിക്കുന്നത് എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം. സമാനതസ്തികകളിലേക്ക് ഒന്നാം റാങ്കോടെ പാസായവര്‍ പോലും പട്ടികയില്‍ നിന്ന് പുറത്തായതായും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. മലയാളത്തില്‍ പരീക്ഷ എഴുതിയവര്‍ ആരും തന്നെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. സപ്ലിമെന്ററി പട്ടികയില്‍ ഒന്ന് രണ്ട് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. പട്ടികയിലെ കുറവ് പരിഹരിക്കാനാകണം ഇതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷയടക്കമുള്ള പദവിക്ക് വേണ്ടി വാദിക്കുന്നവരാണ് മലയാളം മാധ്യമമാക്കിയ ഉദ്യോഗാര്‍ത്ഥികളോട് ഈ നെറികേട് കാട്ടിയിരിക്കുന്നത്.

തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് വിജ്ഞാപനം വന്നത് മുതല്‍ ഇതിലുള്ള അസ്വഭാവികതകള്‍ ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ പരീക്ഷയ്ക്ക് അനുവദിച്ച ഉയര്‍ന്ന പ്രായപരിധി മുതലുള്ള അസ്വഭാവികതകളാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രധാനമായും ഉയര്‍ത്തുന്നത്. കേവലം ഡിഗ്രിയും പത്രപ്രവര്‍ത്തന പരിചയവും മാത്രമാണ് പി എസ് സി ആവശ്യപ്പെട്ടിരുന്ന യോഗ്യതകള്‍. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും മറ്റ് പല വിഷയങ്ങളിലും ഡോക്ടറേറ്റും അടക്കമുള്ളവര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യരായിരുന്നു. 2017ല്‍ വിജ്ഞാപനം പുറത്ത് വന്ന പരീക്ഷ 2018ല്‍ കമ്പനി, ബോര്‍ഡ് അസിസ്റ്റന്റ് പരീക്ഷയുടെ കൂടെ ഒരു ഒഎംആര്‍ പരീക്ഷ നടത്തി. കമ്പനി, ബോര്‍ഡ് പരീക്ഷകളുടെ ഫലം വന്ന് നിയമനം നടന്നിട്ടും ഇതിന്റെ കാര്യത്തില്‍ പിഎസ് സിയുടെ ഭാഗത്ത് നിന്ന് യാതൊരു നീക്ക്‌പോക്കും ഉണ്ടായില്ല.

പത്രപ്രവര്‍ത്തകരില്‍ ചിലര്‍ പിആര്‍ഡിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു പരീക്ഷയിലൂടെ വരുന്നവര്‍ക്ക് അക്ഷരം അറിയാമോ എന്ന് എങ്ങനെ അറിയാനാകും എന്ന ചോദ്യവുമായി പിആര്‍ഡി പിഎസ് സിയെ സമീപിച്ചതായി അറിയാനായി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ മുതല്‍ ഇത്തരത്തില്‍ നടത്തി നിയമനം നേടിയവര്‍ ആണ് സെക്രട്ടറിയേറ്റ് അടക്കമുള്ള സ്ഥാപനങ്ങളില്‍ ഇന്ന് ഉന്നതസ്ഥാനത്ത് ഇരിക്കുന്നത്. അന്നൊന്നും ഉയരാത്ത ഒരു അക്ഷരമറിയല്‍ പ്രശ്‌നം പത്തും പതിനഞ്ചും ഇരുപതും വര്‍ഷമായി പത്രപ്രവര്‍ത്തനം ഉപജീവനമാക്കിയവരുടെ കാര്യത്തില്‍ തോന്നിയതിന് പിന്നില്‍ ആരാണ് എന്ന ചോദ്യവും ഉയരുന്നു.

പിന്നീട് ചിലര്‍ പിഎസ് സിക്ക് നിരന്തരം പരാതികള്‍ അയച്ചതിന് പിന്നാലെ പത്രപ്രവര്‍ത്തന പരിചയം തെളിയിക്കാന്‍ ലേബര്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പിഎസ് സിയില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പുണ്ടായി. ഇതിന്‍പ്രകാരം യോഗ്യരായവര്‍ ജോലി ചെയ്ത സ്ഥാപനങ്ങളിലും ലേബര്‍ ഓഫീസിലും കയറി ഇറങ്ങുന്നതിനിടെ ചിലര്‍ ചില പത്രസ്ഥാപന മേധാവികളെ കണ്ട് ഒരു സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താനാകുമോ എന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതില്‍ എത്രപേര്‍ വിജയിച്ചു എന്നറിയില്ല.

കൊറോണോയുടെ പേര് പറഞ്ഞ് ഏകദേശം നാല് മാസത്തോളം ഇതിനായി സമയം നീട്ടി നല്‍കിയിരുന്നു. എന്നാല്‍ കൃത്യമായി ജോലി ചെയ്തിരുന്നവര്‍ക്ക് പിഎസ് സി നല്‍കിയിരുന്ന ആദ്യ സമയപരിധിക്കുള്ളില്‍ തന്നെ ലേബര്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി എന്നതാണ് യാഥാര്‍ത്ഥ്യം.

പിന്നീടാണ് വിവരണാത്മക പരീക്ഷ എന്ന പ്രഹസനത്തിലേക്ക് പി എസ് സി നീങ്ങിയത്. മൂന്ന് മാസം മുമ്പ് ഇതിനായി ഒരു സിലബസും പിഎസ് സി പുറത്ത് വിട്ടു. ജേര്‍ണലിസം യോഗ്യതയായി ചോദിച്ചിട്ട് പോലുമില്ലാത്ത തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്റെ ബിരുദാനന്തര കോഴ്‌സിന്റെ സിലബസ് അതുപോലെ പകര്‍ത്തി നല്‍കിയത് യാദൃശ്ചികമാകാന്‍ ഇടയില്ലല്ലോ. ഇതിനെ ചോദ്യം ചെയ്ത് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതിക്ക് മുന്നില്‍ ഇവരുടെ വാദമുഖങ്ങള്‍ തെളിയിക്കാനായില്ല. ഹര്‍ജി നിഷ്‌കരുണം തള്ളപ്പെട്ടു.

വീണ്ടും നടന്നു തിരിമറികള്‍. പരീക്ഷയ്ക്കായി പിഎസ് സി എല്ലാവര്‍ക്കും ഇതിന്റെ ഹാള്‍ ടിക്കറ്റ് പ്രൊഫൈലില്‍ അപ് ലോഡ് ചെയ്തു. എന്നാല്‍ ചിലര്‍ തിരുവനന്തപുരത്തെ പിഎസ് സി ഓഫീസിലെത്തി പ്രൊവിഷണല്‍ ഹാള്‍ടിക്കറ്റ് തരപ്പെടുത്തിയത് എന്തിനാണെന്ന് അറിയില്ല. കഴിഞ്ഞ മാസം വീണ്ടും വന്നു പിഎസ് സിയില്‍ നിന്ന് ചിലര്‍ക്ക് തിട്ടൂരം ചില സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും അപ് ലോഡ് ചെയ്യണം. തസ്തികയിലെ അവ്യക്തത പ്രശ്‌നമാണ്. പിഎസ് സിയില്‍ ഇത്രയും വിവരമില്ലാത്തവര്‍ കയറിക്കൂടിയിട്ടുണ്ടോ എന്ന് സംശയമുയര്‍ന്നാല്‍ ആരെയെങ്കിലും കുറ്റം പറയാനാകുമോ?

അവസാനം 2017 മുതലുള്ള കാത്തിരിപ്പിന് അന്ത്യമായി ഡിസംബര്‍ പത്തിന് ചുരുക്കപ്പട്ടിക എന്ന പേരില്‍ ഒരു സാധനം പിഎസ് സി പ്രസിദ്ധീകരിച്ചു. 62 പേരുള്ള മുഖ്യപട്ടികയും 55 പേരുള്ള സംവരണ വിഭാഗങ്ങള്‍ക്കുള്ള ഉപ പട്ടികയും. നാല് വര്‍ഷത്തിലേറെയായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്നവരെല്ലാം തങ്ങള്‍ ഭംഗിയായി കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ നിമിഷം. പട്ടികയില്‍ കടന്ന് കൂടിയവരെക്കുറിച്ച് പരിശോധിച്ചപ്പോള്‍ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍. ഇവരില്‍ പലര്‍ക്കും ഉള്ള ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥതല ബന്ധങ്ങള്‍ പട്ടികയിലേക്കുള്ള ഇവരുടെ യാത്രയ്ക്ക് സുഗമമായ പാത ഒരുക്കിയെന്ന് വ്യക്തം. ഈ കാര്യങ്ങള്‍ എല്ലാം ചൂണ്ടിക്കാട്ടി ഒരു സംഘം ഉദ്യോഗാര്‍ത്ഥികള്‍ പോരാടന്‍ രംഗത്ത് എത്തിയിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതി എത്ര ഭംഗിയായി ഇത്തരം ഒരു തസ്തികയിലും വേണ്ടപ്പെട്ടവര്‍ നടത്തിയിരിക്കുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

പുനര്‍ മൂല്യനിര്‍ണയം സാധ്യമല്ലെന്ന് പിഎസ് സി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തങ്ങളെ ആര്‍ക്ക് തുണയ്ക്കാനാകുമെന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നു. കടും വെട്ട് വെട്ടി അര്‍ഹരായവരെ തള്ളി ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള നീക്കം ചെറുക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാറായിരിക്കുകയാണ് ഒരു പറ്റം ചെറുപ്പക്കാര്‍. നീതിന്യായ വ്യവസ്ഥയെങ്കിലും തങ്ങള്‍ക്ക് തുണയാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker