കല്‍പ്പറ്റ: മാതാപിതാക്കള്‍ മരിച്ചതോടെ സ്വത്ത് തട്ടിയെടുക്കാന്‍ 13കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. വയനാട്ടിലെ മാനന്തവാടിയിലാണ് സംഭവം. അനാഥയായ 13 കാരിയെ മാനസികമായി പീഡിപ്പിച്ച്, സ്വത്ത് തട്ടിയെടുക്കാന്‍ പിതാവിന്റെ വീട്ടുകാര്‍ ശ്രമിക്കുകയാണെന്നാണ് ചൈല്‍ഡ് ലൈനിലും വയനാട് എസ്.പിക്കും നല്‍കിയ പരാതിയില്‍ പറയുന്നത്.
വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി പരാതി വനിതാ സെല്ലിന് കൈമാറിയിരിക്കുകയാണ്. വനിതാ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൈല്‍ഡ്‌ലൈനും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
അച്ചന്റെയും അമ്മയുടെയും മരണശേഷം പെണ്‍കുട്ടിയുടെ സംരക്ഷണം അമ്മയുടെ അമ്മയാണ് ഏറ്റെടുത്തിരുന്നത്.
എന്നാല്‍ ഇവര്‍ മരിച്ചതോടെ കഴിഞ്ഞ ആറു വര്‍ഷത്തോളമായി അമ്മമ്മയുടെ അനുജത്തിയുടെ സംരക്ഷണയിലാണ് കുട്ടി. മാതാപിതാക്കളുടെ മരണത്തോടെ ഒറ്റപ്പെട്ട താന്‍ പിതാവിന്റെ വീട്ടുകാരുടെ മാനസിക പീഡനങ്ങള്‍ കൂടി സഹിക്കാനാവാതെയാണ് അമ്മമ്മയുടെ അനുജത്തിയുടെ വീട്ടില്‍ താമസമാരംഭിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നു. തനിക്ക് പിതാവിന്റെ വീട്ടുകാരോടൊപ്പം കഴിയാന്‍ താല്‍പര്യമില്ലെന്നാണ് പെണ്‍കുട്ടിയുടെ നിലപാട്.
തന്റെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. രണ്ടര വര്‍ഷം മുന്‍പ് കുട്ടിയെ തങ്ങളുടെ കൂടെ നിര്‍ത്തണമെന്ന ആവശ്യവുമായി പിതാവിന്‍റെ മൂത്ത സഹോദരന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അമ്മമ്മയുടെ അനുജത്തിയുടെ കൂടെ കുട്ടിയ വിടാന്‍ ചൈല്‍ഡ്‌ലൈന്‍ ഉത്തരവിടുകയായിരുന്നു.
മാതാപിതാക്കളുടെ മരണശേഷം സ്വത്തുക്കളെല്ലാം തന്റെ പേരിലായതു കൊണ്ട് അത് തട്ടിയെടുക്കാന്‍ മാത്രമാണ് ഇവരുടെ കൂടെ കൊണ്ടുപോകാനുള്ള ശ്രമമെന്നും കുട്ടി പരാതിയില്‍ പറയുന്നുണ്ട്.