28.3 C
Kottayam
Friday, May 3, 2024

ദുഷ്പ്രചരണങ്ങള്‍ ഏറ്റില്ല; ഒറ്റ ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 2.55 കോടി രൂപ!

Must read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ധനസമാഹരണ അഭ്യര്‍ഥന നടത്താതെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഒറ്റ ദിവസം കൊണ്ടു വന്നെത്തിയതു 2.55 കോടി രൂപ. സര്‍ക്കാരിനു സംഭാവന നല്‍കരുതെന്ന തരത്തിലുള്ള തെറ്റായ പ്രചാരണത്തിനെതിരെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതോടെയാണ് ദുരിതാശ്വാസ നിധിയ്ക്ക് നല്ല പ്രതികരണം ലഭിച്ചത്.

സാമൂഹിക മാധ്യമങ്ങള്‍ വഴി തുടക്കമിട്ട സംഭാവന ചാലഞ്ചാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വീണ്ടും പണമൊഴുക്കു കൂട്ടിയത്. സാധാരണ 25 മുതല്‍ 35 ലക്ഷം രൂപ വരെയാണ് ദുരിതാശ്വാസ നിധിയിലേക്കു ദിവസേന എത്തുക. എന്നാല്‍, ഞായറാഴ്ച രാത്രി മുതല്‍ ഇന്നലെ വൈകിട്ടുവരെ 15,029 പേര്‍ ചെറുതും വലുതുമായ തുക സംഭാവന നല്‍കിയതോടെ ഒറ്റ ദിവസത്തെ വരവ് 1.60 കോടി കവിഞ്ഞു.

റിമ കല്ലിങ്കല്‍, ബിജിബാല്‍, ആഷിഖ് അബു, ടോവിനോ തോമസ് തുടങ്ങി സിനിമാ മേഖലയിലെ നിരവധി പേരാണ് രണ്ട് ദിവസമായി സോഷ്യല്‍ മീഡിയ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ചത്. ദുരന്തബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കഥാകൃത്ത് ടി.പത്മനാഭന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി.

‘പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല, എന്ന് പറഞ്ഞാണ് ബിജിബാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ആഷിക് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ജസ്റ്റിന്‍ വര്‍ഗീസ് എന്നീ സിനിമാ പ്രവര്‍ത്തകരെ ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ചാലഞ്ച് ഏറ്റെടുത്ത ആഷിക്, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ ചാലഞ്ച് ചെയ്യുകയും ചെയ്തു.
അതേസമയം, മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന വ്യാപകമായ പ്രചരണം സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാം

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ തുടങ്ങിയ സൗകര്യങ്ങളുപയോഗിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാം. ഈ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക: https://donation.cmdrf.kerala.gov.in

ധന സെക്രട്ടറിയുടെ ഒപ്പോടു കൂടിയ രസീത് ഉടന്‍ ലഭിക്കും. ഈ രസീത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണു പലരും സംഭാവന ചാലഞ്ചില്‍ പങ്കെടുക്കുന്നത്. സംഭാവന ചെയ്യുന്ന തുകയ്ക്കു മുഴുവന്‍ ആദായ നികുതി കിഴിവ് ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week