KeralaNews

വീട്ടമ്മയുടെ മൊബൈൽ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ച സംഭവം; ഇത്തരം പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹിക വിരുദ്ധരുടെ പ്രവൃത്തി കാരണം കോട്ടയത്തെ ഒരു വീട്ടമ്മയുടെ ജീവിതം വഴിമുട്ടിയ വാർത്ത പുറത്തുവന്നിരുന്നു. ഇവരുടെ മൊബൈൽ നമ്പർ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ ശൗചാലയങ്ങളിൽ എഴുതിവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് തുന്നൽ ജോലി ചെയ്ത് കുടുംബം നോക്കുന്ന വീട്ടമ്മയുടെ ദുരിതം തുടങ്ങിയത്. ഇപ്പോൾ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടപെട്ടിരിക്കുന്നു. സ്ത്രീകൾക്കെതിരായ ഇത്തരം പ്രവണതകൾ വെച്ചുപൊറുപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ– ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാൻ ആകില്ല.

മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാൻ കൂടുതൽ കർശനമായ ഇടപെടലുകൾ ഉണ്ടാകും. സ്ത്രീകൾക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവർ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാൽ അവർക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലീസ് നിറവേറ്റും.

കുടുംബം പോറ്റാൻ തയ്യൽജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയാണ് ദുരിതം അനുഭവിക്കുന്നത്. പല സ്റ്റേഷനുകളിൽ മാറിമാറി പരാതി നൽകിയെങ്കിലും നമ്പർ മാറ്റൂവെന്ന നിർദേശമാണ് പൊലീസ് നൽകിയത്. വസ്ത്രം തുന്നി നൽകുന്ന ജോലി വർഷങ്ങളായി ചെയ്യുന്നതിനാൽ നമ്പർ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നാണ് വീട്ടമ്മയുടെ പേടി.

ദിവസവും അൻപതോളം ഫോൺ കോളുകളാണ് ഇവരുടെ നമ്പറിലേക്ക് വരുന്നത്. ഇവർ തയ്യൽ സ്ഥാപനം തുടങ്ങിയിട്ട് 9 മാസമായി. സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തിൽകൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇട്ടു. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്.

ഭർത്താവുപേക്ഷിച്ചതിനെ തുടർന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജെസിമോൾ. ഒറ്റ കാര്യം മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. ‘എന്നെ ജീവിക്കാനനുവദിക്കൂ. ഞാൻ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മക്കളെ ഞാൻ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാൽ പിന്നെ ഞാനെന്ത് ചെയ്യും.’

ദിവസവും 50 കോളുകൾവരെയാണ് ഫോണിൽ വരുന്നത്. ഒരേനമ്പരിൽനിന്നുതന്നെ 30-ഉം അതിലധികവും കോളുകൾ. മക്കളാണ് ഫോണെടുക്കുന്നതെങ്കിൽ അവരോടും ഇതേ രീതിയിലാണ് സംസാരം. പൊലീസിന്റെ ഭാഗത്തുനിന്ന്‌ സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെയാണ് സാമൂഹികമാധ്യമത്തിൽ ഇവർ പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker