ഓണട്രെൻഡ് പൂക്കളം ഷർട്ടോ? ഇഷ്ട താരങ്ങളുടെ പ്രിൻ്റഡ് ഷർട്ടുകൾ ആഘോഷമാക്കി സോഷ്യൽ മീഡിയ
കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട നായകനും സംവിധായകനും നിർമ്മാതാവുമാണ് പൃഥ്വിരാജ്. എന്നാൽ, സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കിട്ടുന്ന താരം കൂടിയാണ് പൃഥ്വി. തന്റെ ചിത്രങ്ങള്‍ക്ക് കൊടുക്കുന്ന അടിക്കുറിപ്പുകളാണ് ട്രോളന്‍മാര്‍ പൊതുവെ ആഘോഷിക്കാറ്. പൃഥ്വിരാജിന്റെ ഇംഗ്ലീഷ് മനസിലാകുന്നില്ല എന്നതാണ് അവരുടെ പരാതി.
എന്നാല്‍ പൃഥ്വിയിൽ നിന്നും മലയാളത്തില്‍ ഒരു ക്യാപ്ഷന്‍ കാണാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ മലയാളികൾ . ‘പൂക്കളര്‍ ഷര്‍ട്ട് ഇട്ട സംവിധായകന്‍’ എന്ന ക്യാപ്ഷനില്‍ പൃഥ്വിരാജ് പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഷൂട്ടിംഗ് പുരോഗമിക്കുന്ന ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രമായിരുന്നു പൃഥ്വി പങ്കുവെച്ചത്. ക്യാപ്ഷനോടൊപ്പം പൃഥ്വിയുടെ ഷർട്ടിലും ആരാധകരുടെ കണ്ണുടക്കി. രസകരമായ ഒട്ടനവധി കമന്റുകളാണ് ചിത്രത്തിനു താഴെ പ്രത്യക്ഷപ്പട്ടിരിക്കുന്നത്. സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞിരിക്കുന്നത് പൂക്കളര്‍ ഷര്‍ട്ടില്‍ പൃഥ്വിരാജിനേക്കാളും ഭംഗി തനിക്കാണെന്നാണ്. ഈ കമന്റിനും നിരവധി ട്രോളുകള്‍ വരുന്നുണ്ട്.
പ്രിന്റ് ഷര്‍ട്ട് മാഫിയ എന്ന പേരില്‍ മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും ഇത്തരം ഷര്‍ട്ടുകള്‍ ഇട്ട് നില്‍ക്കുന്ന ഫോട്ടോയും കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. ‘പൂക്കളര്‍ അതേത് കളര്‍’ എന്ന അടിക്കുറിപ്പോടെ ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്റെ ചിത്രവും ചേര്‍ത്ത കമന്റും രസകരമാണ്.
‘ആ ഷര്‍ട്ട് കിട്ടിയിരുന്നെങ്കില്‍ നാളെ പൂക്കളത്തിനു പകരം മുറ്റത്ത് ഇടാമായിരുന്നു, ഹിയ്യോ മലയാളം, അതെന്താ സംവിധാനത്തിന് പൂക്കള്‍ ഇട്ട ഷര്‍ട്ട് പറ്റില്ലേ, ജോസപ്പേ…. കുട്ടിയ്ക്ക് മലയാളവും അറിയാം’ ഇങ്ങനെ പോകുന്നു കമന്റുകള്‍.പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ കുരുതിയേക്കുറിച്ചുളള അഭിപ്രായങ്ങളും കമന്റ് ബോക്സില്‍ കാണാം.