ഹേനയുടെ ജീവനെടുത്തത് അപ്പുക്കുട്ടന്റെ പണത്തോടുള്ള ആർത്തി;മരണവിവരം അയൽവാസികൾ അറിയുന്നത് ശവസംസ്ക്കാരം കഴിഞ്ഞ ശേഷം
ചേർത്തല: ഹേനയുടെ ജീവനെടുത്തത് ഭർത്താവിന്റെ പണത്തോടും സ്വർണത്തോടുമുള്ള ആർത്തി. ചെറുപ്പം മുതൽ നേരിയ മാനസികാസ്വാസ്ഥ്യമുള്ള ഹേനയെ എല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണ് അപ്പുക്കുട്ടൻ വിവാഹം ചെയ്തത്. വിവാഹസമയത്ത് സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും എല്ലാം കണ്ടറിഞ്ഞ് ഭാര്യവീട്ടുകാർ നൽകണമെന്നായിരുന്നു അപ്പുക്കുട്ടന്റെ പോളിസി. 80 പവനോളം സ്വർണമാണ് ഹേനക്ക് വീട്ടുകാർ നൽകിയത്. അതിന് പുറമെ, ഹേനയുടെ കാര്യങ്ങൾ നോക്കാനായി ജോലിക്കാരിയെയും പിതാവ് പ്രേംകുമാർ ഏർപ്പെടുത്തി.
മാസം 15000 രൂപ ശമ്പളം കൊടുത്തായിരുന്നു ജോലിക്കാരിയെ നിയമിച്ചത്. 80 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും സാമ്പത്തിക ആവശ്യങ്ങൾക്കായി അപ്പുക്കുട്ടൻ ഹേനയുടെ വീട്ടുകാരെ സമീപിക്കുക പതിവായിരുന്നു. ഹേനയുടെ മാതാപിതാക്കളോട് പലവട്ടമായി ലക്ഷങ്ങൾ വാങ്ങിയിരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പണം കൂടാതെ ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ എന്നിവയും ഹേനയുടെ വീട്ടുകാർ അപ്പുക്കുട്ടന് വാങ്ങി നൽകി.
സ്ത്രീധനത്തിന് പുറമേ 7 ലക്ഷം രൂപ കൂടി വേണമെന്ന് അപ്പുക്കുട്ടൻ ആവശ്യപ്പെട്ടിരുന്നു. ഇത്രയും പണം നൽകാൻ കഴിയില്ലെന്ന് പ്രേംകുമാർ പറഞ്ഞതോടെ പ്രശ്നങ്ങൾ രൂക്ഷമായി. ഹേന വഴിയും നേരിട്ടും അപ്പുക്കുട്ടൻ പ്രേംകുമാറിനോട് പണം ആവശ്യപ്പെട്ടിരുന്നു. പണം ലഭിക്കാതായതോടെ നിസാര കാര്യങ്ങൾക്കുപോലും ഹേനയെ കുറ്റപ്പെടുത്തലും മർദ്ദിക്കലുമുണ്ടായി. ഇക്കാര്യം ഹേന വീട്ടിൽ പറഞ്ഞിരുന്നു. എന്നാൽ പിതാവ് കൂട്ടിക്കൊണ്ടുവരാൻ പോയപ്പോൾ ഹേന കൂടെപോയില്ല. പണം ആവശ്യപ്പെട്ട് ഭർതൃവീട്ടിൽ നേരിടുന്ന പീഡനങ്ങൾ ഹേന സഹോദരി സുമയോടാണ് പറഞ്ഞിരുന്നത്. ഇതറിഞ്ഞ അപ്പുക്കുട്ടൻ ഹേനയുടെ ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചിരുന്നു.
ഹേന മരിച്ചത് പോലും അടുത്ത വീട്ടുകാർ അറിയുന്നത് ശവസംസ്ക്കാരം കഴിഞ്ഞതിന് ശേഷമായിരുന്നുവെന്ന് പ്രദേശവാസികൾ. ചികിത്സയും മരുന്ന് വിൽപനയും വീടിന്റ താഴത്തെ നിലയിലായിരുന്നു നടത്തിയിരുന്നത്. പാരമ്പര്യ വൈദ്യനായിരുന്ന അപ്പുക്കുട്ടൻ വർഷങ്ങളായി ഇവിടെ ചികിത്സ നടത്തുന്ന ആളാണ്. ഇദ്ദേഹത്തെ കുറിച്ച് അറിഞ്ഞ് ഇതര ജില്ലകളിൽ നിന്നു പോലും ആളുകൾ എത്താറുണ്ടായിരുന്നു. പക്ഷെ ഹേനയുമായി തുടക്കം മുതൽ തന്നെ പൊരുത്തകേടുകൾ ഉണ്ടായിരുന്നതായി അപ്പുക്കുട്ടൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കൊല്ലം കരിങ്ങന്നൂർ ഏഴാംകുറ്റി അശ്വതിയിൽ എസ് പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകൾ ഹേനയെ (42) ആണ് ഭർതൃവീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ചേർത്തല കൊക്കോതമംഗലം അനന്തപുരി അപ്പുക്കുട്ടനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 26നാണ് ഹേനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന നിരോധന നിയമപ്രകാരമുള്ള വകുപ്പ് ഉൾപ്പെടുത്തുന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.