തൃക്കാക്കരയിൽ വോട്ടെണ്ണൽ തുടങ്ങി, ആദ്യ ലീഡുനില യു ഡി എഫിന് അനുകൂലം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ലീഡുനില യു ഡി എഫിന് അനുകൂലമാണ്. പോസ്റ്റൽ വോട്ടുകളിൽ ഉമാ താേമസിനാണ് ലീഡ്. മൂന്ന് വോട്ടുകൾ ഉമ നേടിയപ്പോൾ എൽ ഡി എഫിനും ബി ജെ പിക്കും രണ്ടുവോട്ടുകൾ വീതം ലഭിച്ചു. മൂന്നുവോട്ടുകൾ അസാധുവായി. ആകെ പത്ത് തപാൽ വോട്ടുകളാണ് ഉണ്ടായിരുന്നത്. മെഷീനിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയിട്ടുണ്ട്. യു ഡി എഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
21 ടേബിളുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. മുഴുവൻ വോട്ടുകളും എണ്ണിത്തീരാൻ 12 റൗണ്ട് വേണ്ടിവരും. ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുന്നത്. ആദ്യ റൗണ്ടിൽ ഒന്നു മുതൽ 15 വരെ ബൂത്തുകളിലെ വോട്ടുകൾ എണ്ണും. തുടർന്ന് മറ്റു ബൂത്തുകളിലേതും. ആദ്യത്തെ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും, അവസാന റൗണ്ടിൽ എട്ടു ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണുള്ളത്.
നാടിളക്കി പ്രചാരണം നടത്തിയിട്ടും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് മൂന്ന് മുന്നണികൾക്കും ചെറുതല്ലാത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷനിലാണ് മുന്നണികളുടെ പ്രതീക്ഷ തെറ്റിയത്. കോർപ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തിൽ താഴെയാണ് പോളിംഗ്. ഇതിൽ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. എന്നാൽ സാധാരണ 40 പോലും എത്താത്ത ബൂത്തുകളിൽ 50 ശതമാനം എത്തിയത് തന്നെ വലിയ കാര്യമാണെന്നും ഈ ബൂത്തുകളിൽ ചെയ്ത വോട്ടുകൾ അധികവും നേട്ടമാകുമെന്നും യുഡിഎഫ് പറയുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ മിക്ക ബൂത്തുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. തങ്ങൾക്ക് കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ കൂടുതൽ ഭൂരിപക്ഷം കിട്ടുമെന്ന് യു ഡി എഫ് പറയുമ്പോൾ വിജയം തങ്ങൾക്കാണെന്നാണ് എൽ ഡി എഫ് പറയുന്നത്. അട്ടിമറി പ്രതീക്ഷയിലാണ് ബി ജെ പി.