‘ഒരേസമയം മറ്റ് പ്രൊജക്ടുകള്‍, മീശ പോലും വളര്‍ത്തിയില്ല’; ‘പൃഥ്വിരാജി’ന്റെ പരാജയത്തില്‍ അക്ഷയ് കുമാറിനെ കുറ്റപ്പെടുത്തി സംവിധായകന്‍
മുംബൈ:സാമ്രാട്ട് പൃഥ്വിരാജി’ന്റെ പരാജയത്തില്‍ അക്ഷയ് കുമാറിനെ കുറ്റപ്പെടുത്തി സംവിധായകന്‍ ചന്ദ്രപ്രകാശ് ദിവേദി. സിനിമയ്ക്ക് കൃത്യമായ ഏകാഗ്രതയും സമര്‍പ്പണവും ആവശ്യമായിരുന്നിട്ട് കൂടിയും ഒരേ സമയം മറ്റ് പ്രൊജക്ടുകള്‍ താരം ചെയ്തുവെന്നും അതിനാല്‍ മീശ പോലും അദ്ദേഹത്തിന് വളര്‍ത്താന്‍ കഴിഞ്ഞില്ലെന്നും സംവിധായകനും നിര്‍മ്മാതാക്കളും ആരോപിക്കുന്നു.
നാഷണല്‍ ഹെറാള്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.’സിനിമയ്ക്ക് സമര്‍പ്പിതമായ ഏകാഗ്രത ആവശ്യമാണ്. ഒരേസമയം മറ്റ് പ്രോജക്ടുകള്‍ ചെയ്യുന്നതിനാല്‍ അദ്ദേഹം മീശ പോലും വളര്‍ത്തിയില്ല. ചരിത്രപരമായി പ്രാധാന്യമുള്ള ഒരാളെ അവതരിപ്പിക്കുമ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഈ ഒരു പ്രോജക്റ്റ് മാത്രം ചെയ്യാന്‍ കഴിയാതിരുന്നത്?’ ഒരു ഉറവിടത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ അക്ഷയ് കുമാറിനെ പിന്തുണച്ചുകൊണ്ടായിരുന്നു സംവിധായകന്‍ രംഗത്തെത്തിയിരുന്നത്. അക്ഷയ് കുമാറന്റെ കാസ്റ്റിങ്ങില്‍ കുറ്റപ്പെടുത്തല്‍ ഉണ്ടായതായും എന്നാല്‍ യഥാര്‍ത്ഥ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാന്റെ ശരീരഘടന അക്ഷയ് കുമാറിന്റേതിന് സമാനമാണെന്നും ചന്ദ്രപ്രകാശ് ദിവേദി പറഞ്ഞിരുന്നു. സിനിമയുടെ പരാജയത്തിന് ഞാന്‍ അദ്ദേഹത്തെ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ലന്നും അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ സിനിമ ഒരിക്കലും ഉണ്ടാകുമായിരുന്നില്ലന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.
സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തിന് ആരെങ്കിലും ഉത്തരവാദികളാണെങ്കില്‍ അത് ഞാനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാമ്രാട്ട് പൃഥ്വിരാജിന് ബോക്‌സ് ഓഫീസില്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. റിലീസ് ചെയ്ത് 20 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗോലതലത്തില്‍ 85 കോടി മാത്രമാണ് നേടാനായത്. കടുത്ത നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ ‘പൃഥ്വിരാജ്’ ഒടിടി റിലീസായി എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. നാല് ആഴ്ചക്കുള്ളില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം എത്തുമെന്നാണ് സൂചന.