KeralaNews

പുതുപ്പള്ളിയുടെ അവകാശി ചാണ്ടി ഉമ്മൻ,അതിനുള്ള എല്ലാ അര്‍ഹതയും ഉണ്ട്, സ്വന്തം കഴിവില്‍ നേതാവായ വ്യക്തി’

തിരുവനന്തപുരം:ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ എല്ലാ വിധ അർഹതയുമുള്ളത് ചാണ്ടി ഉമ്മനാണെന്ന് ചെറിയാന്‍ ഫിലിപ്പ്.ജനിച്ച നാൾ മുതൽ രാഷ്ട്രീയവായു ശ്വസിക്കുകയും കോൺഗ്രസിന്‍റെ  സംസ്ക്കാരവും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മൻ സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് ദേശീയ -സംസ്ഥാന തലങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാവായത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നഗ്ന പാദനായി അനേക കിലോമീറ്റർ നടന്നയാളാണ്.
കോൺഗ്രസിലേക്ക് മടങ്ങി വന്നയുടൻ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തിയപ്പോൾ ആദ്യം അദ്ദേഹത്തോട് സംസാരിച്ചത് ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇക്കാര്യം  ആരോടും പറയില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഉറച്ച നിലപാട്.

അവിചാരിതമായി അവിടേക്ക് കടന്നുവന്ന എം എം ഹസ്സനും കെ സി ജോസഫും ചർച്ചയിൽ പങ്കാളിയായി. ഒരു വീട്ടിൽ നിന്നും ഒരാൾ മതി എന്ന  നിലപാട് ഉമ്മൻ ചാണ്ടി ആവർത്തിച്ചു.ഉമ്മൻ ചാണ്ടിയുടെ അറിവു കൂടാതെ കെ.സി.വേണുഗോപാൽ മുൻ കൈ എടുത്താണ് പിന്നീട് ചാണ്ടി ഉമ്മനെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഔട്ട് റീച്ച് വിഭാഗം ചെയർപെഴ്സൺ ആക്കുന്നത്.

കോൺഗ്രസിൽ ഒരു തലമുറ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ സമീപ ഭാവിയിൽ ചാണ്ടി ഉമ്മന് നേതൃത്വനിരയിൽ വലിയ സ്ഥാനം ലഭിക്കുമെന്ന് തീർച്ച.1999-ൽ അച്ചു ഉമ്മനെ മാർ ഇവാനിയോസ് കോളജ് യൂണിയൻ ചെയർമാൻ ആക്കാനും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയാക്കാനും ശ്രമിച്ചപ്പോള്‍ ഉമ്മൻ ചാണ്ടി എതിർക്കുകയാണുണ്ടായത്.

വിവാഹശേഷം അച്ചു സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറി.മൂത്ത മകൾ മറിയ ഉമ്മൻ കുട്ടിക്കാലം മുതൽ നല്ല രാഷ്ട്രീയ ബോധമുള്ളയാളാണ്. മറിയയും അച്ചുവും മലയാളത്തിലും ഇംഗ്ലീഷിലും നല്ല പ്രാസംഗികരായിരുന്നു.. വനിതകൾക്ക് രാഷ്ട്രീയത്തിൽ സാദ്ധ്യതയേറി വരുന്ന ഇക്കാലത്ത്  മറിയയും അച്ചുവും രാഷ്ട്രീയത്തിൽ വന്നാൽ അവരേയും വരവേൽക്കാൻ കോൺഗ്രസ് പാർട്ടിയും പ്രവർത്തകരും തയ്യാറാകും. 

1976-ൽ മാർ ഇവാനിയോസ് കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചപ്പോൾ അന്നത്തെ കെ.എസ്.യു സംസ്ഥാന  ജനറൽ സെക്രട്ടറിയായിരുന്ന തന്നെ വിളിച്ചു വരുത്തി കെ.കരുണാകരനും കല്യാണിക്കുട്ടിയമ്മയും വിലക്കുകയാണ് ചെയ്തതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. രാഷ്ട്രീയ തല്പരനായിരുന്ന മുരളി അതിൽ നിരാശനായിരുന്നു.

വർഷങ്ങൾക്കു ശേഷം മുരളീധരനെ ലോക്സഭാ സ്ഥാനാർത്ഥിയാക്കിയതും കെ.പി.സി.സി പ്രസിഡണ്ടാക്കിയതും എ.കെ.ആന്‍റണിയാണ്. 998 ൽ പത്മജയെ രാഷ്ട്രീയത്തിൽ കൊണ്ടുവരണമെന്ന് കെ.കരുണാകരനോട് ആവശ്യപ്പെട്ടത് താനാണെന്നും അദ്ദേഹം പറഞ്ഞു. കെ.കരുണാകരന്‍റേയും ഉമ്മൻ ചാണ്ടിയുടെയും ജീവിക്കുന്ന സ്മാരകങ്ങളായ മക്കൾക്ക് കേരള ജനതയുടെയും കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ എന്നും സ്ഥാനമുണ്ടായിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker