ന്യൂഡല്‍ഹി: കേരളത്തിലെ ഗുരുതര രോഗവ്യാപനത്തില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. എന്‍.സി.ഡി.സി ഡയറക്ടറുടെ നേതൃത്വത്തില്‍ ആറംഗ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കും. കൂട്ടം ചേരലുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന സര്‍ക്കാരിന് കത്തെഴുതി. അതേസമയം, രാജ്യത്ത് കൊവിഡ് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും നാല് ലക്ഷം കടന്നു.
രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ അന്‍പത് ശതമാനത്തിലധികം തുടര്‍ച്ചയായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. രോഗവ്യാപനം പിടിച്ചുനിര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് എന്‍.സി.ഡി.സി ഡയറക്ടറുടെ നേതൃത്വത്തില്‍ ആറംഗ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കുന്നത്.
കൂട്ടം ചേരലുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കേരളം ഉറപ്പാക്കണമെന്നും കേരളത്തിന് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു.
രാജ്യത്ത് 24 മണിക്കൂറിനിടെ 43,509 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 22056 കേസുകള്‍ കേരളത്തില്‍ നിന്നാണ്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.52 ശതമാനം ആയി നില്‍ക്കുമ്പോള്‍, കേരളത്തിലെ ടി.പി.ആര്‍ 11.2 ശതമാനമാണ്. രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 403,840 ആയി. 24 മണിക്കൂറിനിടെ 640 പേര്‍ മരിച്ചു. 45 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ കുത്തിവയ്ച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.