തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് കോട്ടയം, പത്തനംതിട്ട ജില്ലകള്‍ സന്ദര്‍ശിക്കും. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേരളത്തിലെ കൊവിഡ് സാഹചര്യം പരിശോധിക്കുന്നത്.
ആരോഗ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരുമായി നാളെ സംഘം കൂടിക്കാഴ്ച നടത്തും. ഇന്നലെ ആലപ്പുഴയിലായിരുന്നു കേന്ദ്രസംഘത്തിന്റെ പരിശോധന കളക്ടേറ്റിലെത്തിയ സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
കേരളത്തില്‍ ഇന്നലെ 20,624 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,72,17,010 സാമ്പിളുകളാണ് പരിശോധിച്ചത്.