ഇടുക്കിയിലെ സഹകരണ ബാങ്കിലും സാമ്പത്തിക തട്ടിപ്പ്; ഒന്നരക്കോടിയിലധികം വായ്പ നല്‍കിയത് അനധികൃതമായി

തൊടുപുഴ: ഇടുക്കി കുടയത്തൂര്‍ സഹകരണ ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ ബാങ്കിലെ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ബാങ്ക് ഭരണസമിതി തള്ളി.

ബാങ്ക് ഭരണഘടന പ്രകാരം രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ വായ്പയായി ലഭിക്കാവുന്ന പരമാവധി തുക മുപ്പത് ലക്ഷം രൂപയാണ്. എന്നാല്‍ ബാങ്കിലെ ഒരു ഭരണസമിതി അംഗം ഒരു കോടി 92 ലക്ഷം രൂപ വായ്പയെടുത്തെന്നാണ് ആരോപണം. ഭൂമിയുടെ മതിപ്പ് വില കണക്കാക്കി ലോണ്‍ അനുവദിച്ചെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. പതിനെട്ട് വയസ് തികയാത്ത ഒരാള്‍ക്ക് ബാങ്കില്‍ അംഗത്വം നല്‍കി ലോണ്‍ അനുവദിച്ചതായും ഡെപ്യൂട്ടി രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം തട്ടിപ്പ് സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ബാങ്ക് പൂര്‍ണമായും തള്ളി. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബാങ്കിനെതിരെയുള്ള അന്വേഷണം ഏകപക്ഷീയമാണെന്നും അധികൃതര്‍ പറയുന്നു. ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിടണമെന്ന കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News