NewsOtherSports

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ കിരീടം അല്‍ക്കരാസിന്‌; താരത്തിന്റെ മൂന്നാം ഗ്രാൻഡ്സ്ലാം കിരീടം

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് സ്‌പെയിന്‍ താരം കാര്‍ലോസ് അല്‍ക്കരാസ്. ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തിയാണ് അല്‍ക്കരാസ് കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുക്കമാണ് താരത്തിന്റെ ജയം. സ്‌കോര്‍: 6-3, 2-6, 5-7, 6-1, 6-2

മത്സരത്തിന്റെ തുടക്കത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് അല്‍ക്കരാസ് പുറത്തെടുത്തത്. ആദ്യ സെറ്റ് സ്വരേവിനെ നിഷ്പ്രഭനാക്കിയ അല്‍ക്കരാസ് 6-3 ന് സെറ്റ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റ് സ്വരേവ് ശക്തമായി തിരിച്ചുവന്നു. ആദ്യ സെറ്റിന്റെ മറുപടിയെന്നോണം 6-2 ന് രണ്ടാം സെറ്റ് സ്വന്തമാക്കി. ഫൈനല്‍ പോരാട്ടത്തിന്റെ ആവേശം മുഴുവന്‍ നിറഞ്ഞതായിരുന്നു മൂന്നാം സെറ്റ്. ഇരുതാരങ്ങളും വിട്ടുകൊടുക്കാന്‍ മനസില്ലാതെ റാക്കറ്റേന്തിയപ്പോള്‍ മത്സരം ആവേശക്കൊടുമുടിയിലായി.

മൂന്നാം സെറ്റില്‍ ആദ്യം മുന്നിട്ടുനിന്നത് അല്‍ക്കരാസായിരുന്നു. സ്വരേവിന്റെ സര്‍വ് ഭേദിച്ച് മുന്നേറിയ സ്‌പെയിന്‍ യുവതാരം 5-2 ന് മുന്നിലെത്തി. സെറ്റ് അനായാസം നേടുമെന്ന് തോന്നിച്ചു. എന്നാല്‍ റോളണ്ട് ഗാരോസ് സാക്ഷിയായത് സ്വരേവിന്റെ സ്വപ്‌നസമാനമായ തിരിച്ചുവരവിനാണ്. പിഴവുകളൊന്നും വരുത്താതെ ശ്രദ്ധയോടെ റാക്കറ്റേന്തിയ താരം അല്‍ക്കരാസിന്റെ സര്‍വുകളോരോന്നും ബ്രേക്ക് ചെയ്തു. പിന്നീട് ഒരൊറ്റ ഗെയിം പോയന്റും അല്‍ക്കരാസിന് നേടാനായില്ല. 5-2-ല്‍ നിന്ന് 7-5 ലേക്ക് കുതിച്ചെത്തിയ സ്വരേവ് സെറ്റ് സ്വന്തമാക്കി.

എന്നാല്‍ ഏകപക്ഷീയമായിരുന്നു നാലാം സെറ്റ്. അല്‍ക്കരാസിന് മുന്നില്‍ സ്വരേവിന് കാര്യമായി ഒന്നും ചെയ്യാനായില്ല. 6-1 നാണ് അല്‍ക്കരാസ് സെറ്റ് നേടിയത്. അതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. അഞ്ചാം സെറ്റിലും മികവ് തുടര്‍ന്ന അല്‍ക്കരാസ് 6-2 ന് സെറ്റും മത്സരവും സ്വന്തമാക്കി. താരത്തിന്റെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 2022-ല്‍ യുഎസ് ഓപ്പണും 2023-ല്‍ വിംബിള്‍ഡണും നേടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker