ഇന്ത്യക്കുനേരെയുള്ള ആരോപണം: ട്രൂഡോയോട് തെളിവുതേടി പ്രതിപക്ഷം, ചൈനീസ് ഇടപെടലിലും വിമർശനം
ഒട്ടാവ: ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യക്കു പങ്കുണ്ടെന്ന ആരോപണത്തിന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെളിവുനല്‍കണമെന്ന് കാനഡയിലെ പ്രതിപക്ഷനേതാവ് പിയര്‍ പോളിയെവ്‌റ ആവശ്യപ്പെട്ടു. കാനഡയിലെ ചൈനീസ് ഇടപെടലിനെക്കുറിച്ച് വര്‍ഷങ്ങളോളം ട്രൂഡോ നിശ്ശബ്ദത പാലിച്ചതിനെയും അദ്ദേഹം ചോദ്യംചെയ്തു.
”പ്രധാനമ ന്ത്രി എല്ലാ വസ്തുതകളും പുറത്തുപറയേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. കഴിയുന്നത്ര തെളിവുകള്‍ ഞങ്ങള്‍ക്കറിയണം. അതുവെച്ച് കാനഡക്കാര്‍ക്ക് ഒരു നിഗമനത്തിലെത്താന്‍ കഴിയും” -ബുധനാഴ്ച മാധ്യമങ്ങളോടു സംസാരിക്കവേ പോളിയെവ്റ പറഞ്ഞു. ഇന്ത്യക്കുനേരെയുള്ള ആരോപണത്തെക്കുറിച്ച് പ്രധാനമന്ത്രി വസ്തുതകളൊന്നും നില്‍കിയില്ലെന്നും പ്രസ്താവനയാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഖലിസ്താന്‍ ടൈഗര്‍ ഫോഴ്‌സ് എന്ന സംഘടനയുടെ തലവനായ നിജ്ജര്‍ കഴിഞ്ഞ ജൂണില്‍ സറേയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യാ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നാണ് ചൊവ്വാഴ്ച ട്രൂഡോ ആരോപിച്ചത്. പിന്നാലെ, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ കാനഡയിലെ പ്രതിനിധി പവന്‍ കുമാര്‍ റായിയെ പുറത്താക്കി. ‘അസംബന്ധ’മെന്നു പറഞ്ഞ് ട്രൂഡോയുടെ ആരോപണം തള്ളിക്കളഞ്ഞ ഇന്ത്യ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഒലിവിയെര്‍ സില്‍വെസ്റ്ററിനെ പുറത്താക്കി തിരിച്ചടിച്ചു.
ട്രൂഡോയുടേത് നാണംകെട്ട നടപടിയാണെന്ന് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോ മൈക്കല്‍ റൂബിന്‍ പറഞ്ഞു. യു.എസ്. ഇതിന്റെ ഭാഗമാകരുതെന്നും വാഷിങ്ടണിലെ ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
ഖലിസ്താന്‍ പ്രസ്ഥാനത്തെ ലാഭത്തിനും രാഷ്ട്രീയത്തിനും അഹംഭാവത്തിനും വേണ്ടി കൊണ്ടുനടക്കുന്നവരുടെ കൈയിലെ പാവയാവുകയാണ് ട്രൂഡോയെന്നും റൂബിന്‍ പറഞ്ഞു.
ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ വധത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കുനേരെ ആരോപണമുന്നയിക്കുംമുമ്പ് യു.എസ്. ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളെ ഒപ്പം കൂട്ടാന്‍ കാനഡ ശ്രമിച്ചെന്ന് ‘വാഷിങ്ടണ്‍ പോസ്റ്റ്’ പത്രം. എന്നാല്‍, കാനഡയുടെ ശ്രമങ്ങള്‍ മറ്റുരാജ്യങ്ങള്‍ അവഗണിച്ചു.
‘ഫൈവ് ഐസ്’ സഖ്യത്തിലാണ് നിജ്ജര്‍വധം കാനഡ ഉയര്‍ത്തിയത്. കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ബ്രിട്ടന്‍, യു.എസ്. എന്നിവയുള്‍പ്പെട്ട സഖ്യമാണ് ‘ഫൈവ് ഐസ്’. എന്നാല്‍, ഈ മാസം ഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ നിജ്ജര്‍ വധം സഖ്യരാജ്യങ്ങള്‍ ഉന്നയിച്ചില്ല. ഉച്ചകോടി സമാപിച്ച് ഒരാഴ്ച കഴിഞ്ഞാണ് കനേഡിയന്‍ പൗരനെ കാനഡയുടെ മണ്ണില്‍ ഇന്ത്യ വധിച്ചെന്ന് ട്രൂഡോ ആരോപിച്ചത്.
എന്നാല്‍, ചൈനയുമായുള്ള പോരില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യയുമായുള്ള ചങ്ങാത്തം മുഖ്യമെന്നറിയാവുന്ന സഖ്യരാജ്യങ്ങള്‍ ആരോപണത്തെ പിന്തുണച്ചില്ല. യു.എസും ബ്രിട്ടനും ഓസ്‌ട്രേലിയയും ട്രൂഡോയുടെ ആരോപണത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. പക്ഷേ, അന്വേഷണം പൂര്‍ത്തിയാകുവോളം അഭിപ്രായപ്രകടനം വേണ്ട എന്ന നിലപാടിലാണ് അവര്‍.
”കാനഡയുമായി പതിവായി ബന്ധപ്പെടുന്നുണ്ട്. കാനഡയുടെ അന്വേഷണം മുന്നോട്ടുപോകുകയെന്നതും കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുകയെന്നതും നിര്‍ണായകമാണ്” -വൈറ്റ് ഹൗസ് പറഞ്ഞു. കാനഡയുടെ അന്വേഷണം നടക്കുന്നസാഹചര്യത്തില്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവിന്റെ പ്രതികരണം.