സ്വദേശിവത്ക്കരണം, താല്‍ക്കാലിക വിദേശ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാന്‍ കാനഡ; മലയാളികൾക്ക് വമ്പൻ തിരിച്ചടി?
ടൊറന്റോ: കാനഡയുടെ കുടിയേറ്റ നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുമെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രഖ്യാപനം ഇന്ത്യാക്കാകെ എങ്ങനെ ബാധിക്കും? കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാണ് പദ്ധതി. അതിനൊപ്പം സ്ഥിര താമസക്കാരുടെ എണ്ണവും കുറയ്ക്കും. ‘ കാനഡയിലെ കുറഞ്ഞ വേതനക്കാരായ താല്‍ക്കാലിക വിദേശ ജോലിക്കാരുടെ എണ്ണം ഞങ്ങള്‍ കുറയ്ക്കുകയാണ്. തൊഴില്‍ വിപണിയില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുകയാണ്. തദ്ദേശീയരായ ജോലിക്കാരുടെയും യുവാക്കളുടെയും ക്ഷേമത്തിനായി നിക്ഷേപിക്കാനുള്ള സമയം ആയിക്കുന്നു’, ട്രൂഡോ എക്‌സില്‍ അറിയിച്ചു.മാറ്റങ്ങള്‍ സെപ്റ്റംബര്‍ 26 ഓടെ നടപ്പില്‍ വരുമെന്നാണ് സൂചന.
കാല്‍ച്ചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തന്നെയാണ് പുതിയ നയത്തിന് കാരണം. കുതിച്ചുയരുന്ന ജനസംഖ്യ കാരണം ഭവന രംഗത്തും ആരോഗ്യക്ഷേമം അടക്കം പൊതുസേവന രംഗത്തും സമ്മര്‍ദ്ദം കൂടുകയാണ്. ജനസംഖ്യയിലെ 97 ശതമാനത്തോളം വര്‍ദ്ധനയ്ക്ക് കാരണം കുടിയേറ്റമാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ കുടിയേറ്റത്തിന് കടിഞ്ഞാണിടുകയാണ് നയം മാറ്റത്തിന്റെ പ്രാഥമിക ലക്ഷ്യം.
്‌തൊഴിലില്ലായ്മ അതിവേഗം കുതിച്ചുയരുന്നതും തദ്ദേശീയരുടെ ഇടയില്‍ അതൃപ്തി പുകയുന്നതുമാണ് കുടിയേറ്റ നിയന്ത്രണ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കുടിയേറ്റം നിയന്തിക്കാന്‍ ലിബറല്‍ പാര്‍ട്ടി സര്‍ക്കാര്‍ വേണ്ടത് ചെയ്യുന്നില്ലെന്ന പൊതുജന വികാരത്തെ നേരിടുകയും ട്രൂഡോയുടെ ലക്ഷ്യമാണ്. സിഖുകാരടക്കം പുതുതായി കാനഡയില്‍ എത്തുന്നവര്‍ക്കെതിരെ കുടിയേറ്റ വിരുദ്ധ മനോഭാവവും തദ്ദേശീയരില്‍ വളര്‍ന്നുവരുന്നു. ആരോഗ്യസംരക്ഷണം, നിര്‍മ്മാണം, ഭക്ഷ്യസുരക്ഷ തുടങ്ങി ഏതാനും വ്യവസായങ്ങളില്‍ ഒഴിച്ച് കുറഞ്ഞ വേതനക്കാരായ താല്‍ക്കാലിക കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുമെന്നാണ് ട്രൂഡോ മാധ്യമങ്ങളോട് പിന്നീട് വ്യക്തമാക്കിയത്.
മെയ്ക്കും ജൂണിനും ഇടയില്‍ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി ഉയര്‍ന്നു. 14 ലക്ഷം തൊഴിലില്ലാത്ത യുവാക്കള്‍. എന്നാല്‍, താല്‍ക്കാലിക കുടിയേറ്റ തൊഴിലാളി പദ്ധതി പ്രകാരം 2016 ല്‍ 15,817 ആയിരുന്ന കുറഞ്ഞ വേതന തൊഴിലാളി പെര്‍മിറ്റുകള്‍ 2023 ല്‍ 83,654 ആയി ഉയര്‍ന്നു. തദ്ദേശീയര്‍ നല്ല ജോലി കണ്ടെത്താന്‍ വിഷമിക്കുന്ന സാഹചര്യം നന്നല്ല എന്നാണ് ട്രൂഡോയുടെ നിലപാട്.
തൊഴിലാളികളുടെ ക്ഷാമം നികത്താന്‍ ചുരുങ്ങിയ കാലയളവിലേക്ക് കാനഡയില്‍ പുറംരാജ്യക്കാരെ അനുവദിക്കുന്നതാണ് ഈ പദ്ധതി. പദ്ധതി വിപുലമാക്കിയെങ്കിലും, പലകാരണങ്ങളാല്‍ വിമര്‍ശനങ്ങള്‍ വന്നു. ചില പ്രത്യേക തൊഴിലുടമകള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ തൊഴിലാളികളെ നിര്‍ബന്ധിതരാക്കുന്ന പെര്‍മിറ്റ് നിയന്ത്രണങ്ങളും, അത് നിമിത്തമുളള ചൂഷണവും, കുറഞ്ഞ വേതനവും ഒക്കെയാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. തൊഴില്‍ വിദഗ്ധരും, യുഎന്നും ഒക്കെ ഈ താല്‍ക്കാലിക തൊഴിലാലി പദ്ധതിയെ കുറിച്ച് സമീപകാലത്ത് ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു.
2023 ല്‍ 1,83,820 താല്‍ക്കാലിക വിദേശ വര്‍ക്കര്‍ പെര്‍മിറ്റുകള്‍ കൊടുത്തിരുന്നു. 2019 നെ അപേക്ഷിച്ച് 88 ശതമാനം വര്‍ദ്ധന. കാനഡയിലെ തദ്ദേശീയരായ വിദഗ്ധ തൊഴിലാളികളെ ഒഴിവാക്കാന്‍ ചില തൊഴിലുടമകള്‍ ഈ പദ്ധതി ചൂഷണം ചെയ്യുന്നുവെന്ന് എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡ വിമര്‍ശിക്കുകയും ചെയ്തു.
പുതിയ മാറ്റങ്ങളുടെ ഭാഗമായി, തൊഴിലില്ലായ്മാ നിരക്ക് ആറ് ശതമാനമോ. അതില്‍ കൂടുതലോ ഉള്ള മേഖലകളില്‍ ഇനിമുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കില്ല. ഇളവുകള്‍ ഉണ്ടാവുക സീസണല്‍ അഗ്രികള്‍ച്ചര്‍, കണ്‍സ്ട്രക്ഷന്‍, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ ആയിരിക്കും. കൂടാതെ, മൊത്തം തൊഴിലാളികളുടെ 10 ശതമാനമായി കുറഞ്ഞ വേതനക്കാരായ താല്‍ക്കാലിക കുടിയേറ്റ തൊഴിലാളികളെ ചുരുക്കും. നിലവില്‍ അത് 20 ശതമാനമാണ്. താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം 65,000 ആയി കുറയ്ക്കുകയാണ് ലക്ഷ്യം.
ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കണക്കുപ്രകാരം, 2023 ല്‍ ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിന്( TFWP) കീഴില്‍, ഇന്ത്യയില്‍ നിന്ന് 26,295 താല്‍ക്കാലിക തൊഴിലാളികളാണ് കാനഡയില്‍ എത്തിയത്. കാനഡയിലെ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ ആദ്യത്തെ പത്തില്‍ ഇന്ത്യയും ഉള്‍പ്പെടും. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ 2022 ല്‍, 220,000 പുതിയ വിദ്യാര്‍ഥികളെ ഇന്ത്യ അയച്ചു. എന്നാല്‍, സമീപകാല കണക്കുകളില്‍ കാര്യമായ കുറവ് കാണുന്നുണ്ട്. 2022 ജുലൈക്കും ഒക്ടോബറിനും മധ്യേ കനേഡിയന്‍ സര്‍ക്കാര്‍ 1,46,000 പുതിയ പഠന പെര്‍മിറ്റ് അപേക്ഷകള്‍ അനുവദിച്ചു. എന്നാല്‍, 2023 ല്‍ അതേ കാലയളവില്‍ ഈ സംഖ്യ 87,000 ആയി കുറഞ്ഞു.
കാനഡയിലെ താല്‍ക്കാലിക കുടിയേറ്റക്കാരുടെ ജനസംഖ്യ 25 ലക്ഷം കവിഞ്ഞു. ആകെ ജനസംഖ്യയുടെ 6.2 ശതമാനം. അത് 5 ശതമാനമായി കുറയ്ക്കുകയാണ് കനേഡിയന്‍ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയിലെ ഇന്ത്യാക്കാരുടെ എണ്ണം സമീപവര്‍ഷങ്ങളില്‍ ഗണ്യമായി കൂടിയിട്ടുണ്ട്. 2000 ത്തിനും 2020 നും മധ്യേ ഇന്ത്യന്‍ ജനസംഖ്യ 6,70000 നിന്ന് 10 ലക്ഷമായി ഉയര്‍ന്നു.
താമസത്തിന് വീടുകള്‍ കിട്ടാനുള്ള ക്ഷാമമാണ് മുഖ്യ ആശങ്ക. തൊഴിലില്ലായ്മ നിരക്ക് രണ്ടാമതും. ഇത് കണക്കിലെടുത്ത് ഈ വര്‍ഷം മുതല്‍ അന്താരാഷ്ട്രതലത്തില്‍ തൊഴിലാളികളെയും വിദ്യാര്‍ഥികളെയും സ്വീകരിക്കുന്നതില്‍ കുറവുവരുത്തി. ഈ വര്‍ഷാദ്യം, ഭവന രംഗത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ രണ്ടുവര്‍ഷത്തേക്ക് പുതിയ അന്താരാഷ്ട്ര വിദ്യാര്‍ഥി വീസകള്‍ക്ക് കാനഡ, നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്തായാലും പുതിയ കുടിയേറ്റ നിയന്ത്രണ നയം മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശങ്ക കൂട്ടുന്നതാണ്.