25.2 C
Kottayam
Friday, May 17, 2024

പാലം തകര്‍ന്നത്‌ ‘തട്ടിപ്പിന്‍റെ ഫലം’; പ്രധാനമന്ത്രിയ്‌ക്കെതിരെ തിരിഞ്ഞുകൊത്തി പഴയപ്രസംഗം

Must read

അഹമ്മദാബാദ്: മോര്‍ബി പാലം ദുരന്തത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. കൊല്‍ക്കത്തയിലെ മേല്‍പാലം തകര്‍ന്നപ്പോള്‍ മമത ബാനര്‍ജിക്കെതിരെ മോദി നടത്തിയ പരിഹാസം തിരിച്ചുയര്‍ത്തിയാണ് പ്രതിപക്ഷം വിമര്‍ശനം കടുപ്പിക്കുന്നത്. 2016ല്‍ കൊല്‍ക്കത്ത മേല്‍പ്പാലം തകര്‍ന്ന് 27 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മമത ബാനര്‍ജിയെ കുറ്റപ്പെടുത്തികൊണ്ട് മോദി നടത്തിയ പ്രസംഗത്തിൽ തട്ടിപ്പിന്‍റെ ഫലം എന്ന അർത്ഥത്തിൽ ‘ആക്ട് ഓഫ് ഫ്രോഡ്’ എന്നായിരുന്നു പറഞ്ഞത്.

അപകടം ദൈവത്തിന്‍റെ ചെയ്തിയെന്ന മമതയുടെ പ്രതികരണത്തെ പരിഹസിച്ചായിരുന്നു ‘തട്ടിപ്പിന്‍റെ ഫലമെന്ന പ്രധാനമന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് തന്നെ പാലം തകര്‍ന്നത് ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള ദൈവത്തിന്‍റെ സന്ദേശമാണെന്ന് കൂടി അന്ന് ബംഗാളിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു.

ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കു പാലം തകര്‍ന്നു വീണപ്പോള്‍ സര്‍ക്കാരിനെതിരെ  പ്രതിപക്ഷം ആയുധമാക്കുന്നത് പ്രധാനമന്ത്രി മോദിയുടെ അതേ വാക്കുകളാണ്. കൊൽക്കത്തയിലെ അന്നത്തെ സാഹചര്യങ്ങൾക്ക് സമാനമായി ഗുജറാത്തും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിലാണ് പാലം തകർന്ന് 140 ലേറെ ആളുകൾ മരണപ്പെട്ടത്.കൊല്‍ക്കത്തയില്‍ മോദി പറഞ്ഞതു പോലെ തട്ടിപ്പിന്‍റെ അനന്തരഫലമാണ് മോര്‍ബിയിലും കണ്ടതെന്ന് പറഞ്ഞ് പരിഹാസം തുടങ്ങിവച്ചത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗാണ്. മോദി അമിത്ഷാ  കൂട്ടുകെട്ട് നടത്തിയ തട്ടിപ്പിന് ആര് മറുപടി പറയുമെന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു. പിന്നാലെ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം അത് ഏറ്റെടുത്തു. ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് പോലുമില്ലാതെയാണ് പാലം തുറന്നതെന്ന റിപ്പോര്‍ട്ട് പങ്ക് വച്ച് ശിവസേനയും മോദിയുടെ പഴയ പ്രസംഗം ഓര്‍മ്മപ്പെടുത്തി.

വികസനത്തെ കുറിച്ച് വാചാലരായി തെരഞ്ഞെടുപ്പില്‍ പ്രചാരണം നടതത്തുന്ന ബി ജെ പിക്ക് ദുരന്തം വലിയ തിരിച്ചടിയായിരിക്കുകയാണ്. ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തട്ടിക്കൂട്ടുമാത്രമാണെന്ന ആക്ഷേപത്തിന് ബലം പകരാന്‍ ദുരന്തം പ്രതിപക്ഷം ആയുധമാക്കുകയാണ്. സര്‍ക്കാരിന്‍റെ അനാസ്ഥ പുറത്ത് കൊണ്ടുവരാന്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം  വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം ഗുജറാത്തിലെ മോർബിയിൽ തൂക്ക് പാലം തകർന്നുണ്ടായ ദുരന്തത്തിൽ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന കണക്ക് പ്രകാരം മരണസംഖ്യ 142 ആയിട്ടുണ്ട്. പുഴയിൽ വീണ് കാണാതായവർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. അറ്റകുറ്റപ്പണി നടത്തിയ കമ്പനിയിലെ 9 ജീവക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week