30.6 C
Kottayam
Friday, May 10, 2024

പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; എം ടി വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്കാരം,മമ്മൂട്ടി, ഓംചേരി, ടി മാധവ മേനോന്‍ എന്നിവര്‍ക്ക് കേരളപ്രഭ

Must read

തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം ടി വാസുദേവൻ നായർക്കാണ് കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, പി ഐ മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ട് പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ച് പേർക്കുമാണു നൽകുന്നത്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ. നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിന് നാമനിർദേശം നൽകിയത്.

പുരസ്‌കാര ജേതാക്കൾ

കേരള ജ്യോതി

എം.ടി. വാസുദേവൻ നായർ (സാഹിത്യം)

കേരള പ്രഭ

ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സർവീസ്)
ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹ്യ സേവനം)
പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) (കല)

കേരള ശ്രീ

ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം)
ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല)
കാനായി കുഞ്ഞിരാമൻ (കല)
കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം)
എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം)
വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) (കല)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week