KeralaNews

നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസ്; മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്തു

ആലപ്പുഴ: നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ചോദ്യം ചെയ്യലിന്‍റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്. രഹസ്യമായാണ് ചോദ്യം ചെയ്യല്‍ നടന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ സുനില്‍ കുമാര്‍, സന്ദീപ് എന്നിവരെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തിരിക്കുന്നത്. ഇദ്ദേഹം തിരുവനന്തപുരത്തെത്തി ഇരുവരുടെയും മൊഴിയെടുത്തു എന്നാണ് സൂചന. അക്രമം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് ചോദ്യം ചെയ്യല്‍ നടന്നിരിക്കുന്നത്. മുമ്പ് രണ്ട് തവണ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ ഹാജരായിരുന്നില്ല.

മുഖ്യമന്ത്രിയുടെ ജീവൻ സംരക്ഷിക്കുക എന്നത് തങ്ങളുടെ ജോലിയാണ്, അതിന്‍റെ ഭാഗമായാണ് ഇങ്ങനെയൊരു നടപടിയിലേക്ക് കടന്നത് എന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. പരമാവധി 7 വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പായതിനാല്‍ ഇരുവരെയും ചോദ്യം ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചയയ്ക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 15നാണ് നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴ ടൗണില്‍ വച്ച് മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‍യു- യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ള പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാര്‍ അടക്കം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.

കരിങ്കൊടി കാട്ടിയ ശേഷം മുഖ്യമന്ത്രിയുടെ ബസ് കടന്നുപോയിരുന്നു. ഇത് കഴിഞ്ഞ് കാറിലെത്തിയ ഗൺമാൻമാര്‍ എന്ത് പ്രകോപനത്തിലാണ് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് എന്ന ചോദ്യമാണ് ഈ സംഭവത്തില്‍ വ്യാപകമായി ഉയര്‍ന്നിരുന്നത്. കോടതി നിര്‍ദേശമുണ്ടായിട്ട് പോലും കേസില്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്യാതിരുന്നതിലും ഏറെ ആക്ഷേപമുയര്‍ന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button