നെഞ്ചുവേദനയെ തുടര്‍ന്ന് നാലു ഡോക്ടര്‍മാരെ സമീപിച്ചു; ഒടുവില്‍ യുവാവ് മരണത്തിന് കീഴടങ്ങി
എടപ്പാള്‍: നെഞ്ച് വേദനയെ തുടര്‍ന്ന് രണ്ട് ദിവസത്തിനിടെ നാല് ഡോക്ടര്‍മാരെ സമീപിച്ചിട്ടും യുവാവ് മരണത്തിന് കീഴടങ്ങി. എടപ്പാള്‍ അരുണ്‍ സ്റ്റീല്‍സ് ഉടമ വെങ്ങിനിക്കര ഇളയിടത്ത് കേശവന്റെ മകന്‍ പ്രശാന്ത്(30)ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ മരിച്ചത്. നെഞ്ചിനും പുറത്തുമെല്ലാം രണ്ട് ദിവസം മുമ്പ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം എടപ്പാള്‍ സര്‍ക്കാര്‍ ആശുപത്രി, സ്വകാര്യ ആശുപത്രി, പൊന്നാനിയിലെ സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയിരുന്നു. ഇസിജി എടുത്ത് പരിശോധിച്ചപ്പോള്‍ ചെറിയ വ്യത്യാസം കണ്ടെങ്കിലും ഡോക്ടര്‍മാര്‍ മരുന്ന് നല്‍കി വിട്ടയയ്ക്കുകയായിരുന്നു.
എന്നാല്‍ വേദന മാറാതെ വന്നതോടെ ചാലിശേരിയിലെ ഒരു ആയുര്‍വേദ ഡോക്ടറെയും സമീപിച്ചു. സംഭവ സമയം പ്രശാന്തും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ ചെന്നൈയില്‍ ഒരു ചടങ്ങിനും ഗര്‍ഭിണായിയ ഭാര്യ സ്വന്തം വീട്ടിലും പോയിരിക്കുകയായിരുന്നു. തിങ്കളാഴ്ച ഉറങ്ങാന്‍ കിടന്ന പ്രശാന്തിന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വേദന കൂടുകയായിരുന്നു. എടപ്പാളിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.