കൊച്ചി: ബ്രഹ്മപുരത്ത് 2019ലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണവുമായി മുന്‍ മേയര്‍ സൗമിനി ജെയിന്‍. ഉച്ചയ്ക്ക് ഒന്നരയ്ക്കുണ്ടായ തീപിടിത്തതിനു മുമ്പ് സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി. പന്ത്രണ്ടരയോടെ ക്യാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ നിലച്ചു. ക്യാമറ കേബിള്‍ ലോറി തട്ടി പൊട്ടിയെന്നാണു തനിക്കു കിട്ടിയ മറുപടിയെന്നു സൗമിനി ജെയിന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോടു വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കമ്മിഷണര്‍ക്കും കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു.
‘‘2019ൽ ഒരു തവണയല്ല തീപിടിത്തമുണ്ടായത്. ആദ്യം ഉണ്ടായ തീ അണയ്ക്കാൻ ഉടൻ തന്നെ നടപടികൾ ആരംഭിച്ചിരുന്നു. അതിനു പിന്നാലെ തീപിടിത്തങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. അവിടെ ചെന്നപ്പോൾ കണ്ടതു തുടരെ തീ പടരുന്നതല്ല. മറിച്ച് പല കുന്നുകളായി വേർതിരിഞ്ഞു കിടന്ന മാലിന്യങ്ങളിൽ ഒരേ സമയം തീപിടിക്കുന്നതാണ്. ഒരു കാറ്റിൽ പടർന്നു കിടക്കുന്ന രീതിയിലല്ലെന്നു മനസ്സിലായപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അന്വേഷിച്ചു.
പ്രധാന കവാടം മുതൽ മാലിന്യം കിടക്കുന്ന പ്രദേശത്തു വരെ ക്യാമറ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തീപിടിത്തത്തിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ മാത്രമാണ് അതിൽ ഉണ്ടായിരുന്നത്. അതിനു ശേഷമുള്ളത് ലഭ്യമായിരുന്നില്ല. ഉയരം കൂടിയ ലോറി വന്നപ്പോൾ ക്യാമറ വലിഞ്ഞ് പൊട്ടിയതാണെന്നാണ് പറഞ്ഞത്. എന്നാൽ വലിഞ്ഞു പൊട്ടിയ ലക്ഷണങ്ങളുണ്ടായിരുന്നില്ല.
ഇത്തരത്തിൽ നിരവധി സംശായാസ്പദമായ കാര്യങ്ങൾ അന്ന് ഉണ്ടായിരുന്നു. ആരൊക്കെയോ ബോധപൂർവം ഇതിനായി ശ്രമിച്ചതാണെന്ന സംശയം ബലപ്പെട്ടതിനാൽ ഇതിൽ അന്വേഷണം വേണമെന്നു കൗൺസിലിൽ ആവശ്യമുയർന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് ആവശ്യപ്പെട്ടത്. എന്നാൽ കേസിൽ പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല.’’–സൗമിനി ജെയിൻ പറഞ്ഞു.