FeaturedKeralaNews

ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ്; കേരളത്തില്‍ ഒമൈക്രോണ്‍ സമൂഹവ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 10 മുതല്‍ തന്നെ മുതിര്‍ന്നവര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൗമാരക്കാരായ 15, 16, 17 വയസ് പ്രായമായ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ നാളെ മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. കോവിന്‍ പോര്‍ട്ടല്‍ വഴി ഇന്നലെ വൈകിട്ട് മൂന്ന് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

സംസ്ഥാനത്താകെ 15 ലക്ഷം കൗമാരക്കാര്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത്. ഇതിനായി അഞ്ച് ലക്ഷം ഡോസ് കൊവാക്‌സിന്‍ സംസ്ഥാനത്ത് എത്തിക്കും. രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെ നേരിട്ടെത്തിയും വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനെടുക്കാം. കൗമാരക്കാരുടെ വാക്‌സിനേഷന്‍ കേന്ദ്രം പെട്ടെന്ന് തിരിച്ചറിയാന്‍ കവാടത്തില്‍ പിങ്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. മുതിര്‍ന്നവര്‍ നീല ബോര്‍ഡ് വച്ചിരിക്കുന്ന സ്ഥലത്ത് നിന്നാണ് വാക്‌സിനെടുക്കേണ്ടത്.

കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇത് സംബന്ധിച്ച് വകുപ്പുതലത്തില്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടാത്ത കുട്ടികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് തേടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ ഒമൈക്രോണിന്റെ സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഒമൈക്രോണ്‍ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെ ഭാഗത്തുനിന്നും പ്രത്യേകശ്രദ്ധ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇന്നലെ 2435 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138, പത്തനംതിട്ട 130, ആലപ്പുഴ 107, വയനാട് 65, പാലക്കാട് 58, ഇടുക്കി 57, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 48,658 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,09,032 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 93,190 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,842 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 169 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 18,904 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,035 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2241 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 134 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2704 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 487, കൊല്ലം 276, പത്തനംതിട്ട 124, ആലപ്പുഴ 138, കോട്ടയം 244, ഇടുക്കി 118, എറണാകുളം 434, തൃശൂര്‍ 161, പാലക്കാട് 27, മലപ്പുറം 73, കോഴിക്കോട് 311, വയനാട് 101, കണ്ണൂര്‍ 166, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 18,904 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,81,981 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker