KeralaNews

‘ബിജെപി എന്റെ ജീവനാണ്, അഭിമാനമാണ്’ സെെബർ ആക്രമണങ്ങളിൽ പ്രതികരിച്ച് പദ്‌മജ വേണുഗോപാൽ

തൃശൂർ: കോൺഗ്രസ് വിട്ടതിന് പിന്നാലെ തനിക്ക് എതിരെ ഉയരുന്ന സെെബർ അക്രമണങ്ങളിൽ പ്രതികരിച്ച് പദ്‌മജ വേണുഗോപാൽ. താൻ കോൺഗ്രസ് വിട്ടു പോയപ്പോൾ കോൺഗ്രസിന്റെ ഒരു നേതാവിനെയും വ്യക്തിഹത്യ ചെയ്യാനോ ആരെ പറ്റിയും സംസ്കാര ശൂന്യമായി സംസാരിക്കാനോ തയ്യാറായിട്ടില്ല. എന്നിട്ടും എത്രയോ നികൃഷ്ടമായാണ് യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് മുതൽ സൈബർ അണികൾ വരെ സ്ത്രീയായ തന്നെ അധിക്ഷേപിച്ചതെന്നും പദ്‌മജ പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ബിജെപി എന്ന പാർട്ടി എന്റെ ജീവനാണെന്നും അഭിമാനമാണെന്നും അവർ കൂട്ടിച്ചേർത്തു. ആ പാർട്ടിക്ക് വേണ്ടി ധീരമായി ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്നും പത്മജ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം

ഞാൻ കോൺഗ്രസ് വിട്ടു പോയപ്പോൾ കോൺഗ്രസിന്റെ ഒരു നേതാവിനെയും വ്യക്തിഹത്യ ചെയ്യാനോ, ആരെ പറ്റിയും സംസ്കാര ശൂന്യമായി സംസാരിക്കാനോ തയ്യാറായിട്ടില്ല… എന്നിട്ടും എത്രയോ നികൃഷ്ടമായാണ് യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് മുതൽ സൈബർ അണികൾ വരെ സ്ത്രീയായ എന്നെ അധിക്ഷേപിച്ചത്.

ഇപ്പോൾ ഇക്കൂട്ടരുടെ തിട്ടൂരം പത്മജ ഇനിയും മിണ്ടാൻ പാടില്ല എന്നാണ്. മിണ്ടിപ്പോയാൽ പത്മജയെ തീർത്തു തരും എന്നാണ്. ആ ഭീഷണി ഒന്നും എന്റെ അടുത്തു വേണ്ട. കാരണം ഭാരതീയ ജനത പാർട്ടിയിൽ വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ധീരതയോടെയും ആണ് ഞാൻ പ്രവർത്തിക്കുന്നത്.

ഒരു രാഷ്ട്രീയ പാർട്ടിയിലെ സഹപ്രവർത്തകരുടെ സ്നേഹം, ആത്മാർത്ഥത ഒക്കെ ഇപ്പോഴാണ് ഞാൻ അറിയുന്നത്. BJP എന്ന പാർട്ടി എന്റെ ജീവനാണ്. അഭിമാനമാണ്. ആ പാർട്ടിക്ക് വേണ്ടി ഞാൻ

ധീരമായി ശബ്ദിച്ചു കൊണ്ടേയിരിക്കും.

ഞാൻ രാഷ്ട്രീയ പോസ്റ്റുകൾ ഇടുമ്പോൾ കമന്റ്റ് ബോക്സ് പൂട്ടാറില്ല. കാരണം എതിർ ഭീഷണി കമന്റുകളെയും, പരിഹാസങ്ങളെയും ഒന്നും ഞാൻ ഭയപ്പെടുന്നേയില്ല. പക്ഷെ കോൺഗ്രസ് സൈബർകാരുടെ ഭീഷണി മിണ്ടാതിരുന്നില്ലെങ്കിൽ പത്മജയെ അങ്ങ് തീർത്തു കളയും എന്നാണ്. കുറെ എണ്ണത്തിന്റെ എന്നെ എടി, പോടീ വിളികൾ. ഇക്കൂട്ടരുടെ ധാരണ ഈ കമന്റുകൾ കണ്ടു പത്മജ അങ്ങ് പേടിച്ച് പോയി, ചമ്മിപ്പോയി എന്നാണ്. ഏയ് അങ്ങനെയൊന്നുമില്ല, പത്മജയ്ക്ക് നിങ്ങളുടെ ഭീഷണിയും പരിഹാസവും ഒന്നും ഒരു ചുക്കും അല്ല.

ഞാൻ ഇന്ന് കൂടുതൽ അഭിമാനം ഉള്ളവളാണ്, ധൈര്യമുള്ളവളാണ്,സംതൃപ്തിയുള്ളവളാണ്, സന്തോഷം ഉള്ളവളാണ്… കാരണം ഞാൻ ഇന്ന് മോദിജിയുടെ പാർട്ടിയിലാണ്. നരേന്ദ്ര മോദിയുടെ ഗവൺമെന്റ് നമ്മുടെ രാജ്യത്ത് വികസന കുതിപ്പാണ് ഉണ്ടാക്കിയത്. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഇന്ന് കൂടുതൽ തിളക്കത്തോടെ നില കൊള്ളുന്നു. പാവപ്പെട്ട ജനങ്ങൾക്ക് സംരക്ഷണം നൽകുന്ന ഇൻഷുറൻസ് പദ്ധതികൾ, വായ്പ പദ്ധതികൾ, സ്ത്രീ സംരക്ഷണ പദ്ധതികൾ, രാജ്യ സുരക്ഷ, അടിസ്ഥാന മേഖലകളിലെ സംരക്ഷണ പദ്ധതികൾ, ശാസ്ത്രസാങ്കേതിക രംഗത്തുള്ള മുന്നേറ്റം. മോദി ഗവൺമെന്റ് ഒരു വിസ്മയമായി മാറുന്നു.

വീണ്ടും പറയുന്നു പത്മജ തന്റെ പാർട്ടിക്ക് വേണ്ടി ശബ്ദിച്ചു കൊണ്ടിരിക്കും.അഭിമാനമാണ്, ആത്മവിശ്വാസമാണ്, സന്തോഷമാണ്, സംതൃപ്തിയാണ് എനിക്ക് ബിജെപി . ഈ പാർട്ടിയിൽ ചേർന്നതിൽ ഞാൻ അത്രമേൽ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു. എല്ലാവരോടും സ്നേഹത്തോടെ പത്മജ വേണുഗോപാൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker