KeralaNews

ശ്‌മശാനത്തിൽ ചിതാഭസ്‌മ മോഷണം; സ്‌ത്രീയുൾപ്പെടെ രണ്ട് അന്യസംസ്ഥാനക്കാർ പിടിയിൽ

തൃശൂർ: പൊതുശ്‌മാശനത്തിൽ നിന്ന് ചിതാഭസ്‌മം മോഷ്ടിക്കുന്നവർ പിടിയിൽ. പാമ്പാടി ഐവർമഠം ശ്‌മശാനത്തിൽ നിന്ന് ചിതാഭസ്‌മം മോഷ്ടിക്കുന്നവരാണ് പിടിയിലായത്. വ്യാഴാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം.

ചിതാഭസ്‌മം ചാക്കുകളിലാക്കി ഭാരതപ്പുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടുപോകുന്നതിനിടെ ഐവർമഠം തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാൽ (25) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന ഒരാൾ പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു.

മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്‌മത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്. പലപ്പോഴായി ഇത്തരത്തിൽ പലരുടെയും ചിതാഭസ്‌മം മോഷ്‌ടിക്കപ്പെട്ടതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് രാത്രിയിൽ പഴയന്നൂർ പൊലീസ് പട്രോളിംഗും നടത്തിയിരുന്നു.

കേരളത്തിൽതന്നെ ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്ന പൊതുശ്‌മശാനങ്ങളിൽ ഒന്നാണ് പാമ്പാടിയിലെ ഐവർമഠം. ചിതാഭസ്‌മം മോഷ്ടിക്കപ്പെടുന്നത് പതിവാകുന്നതിനാൽ ശ്‌മശാനത്തിന്റെ നാലുവശത്തും ചുറ്റുമതിൽ കെട്ടി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്.

ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട ഇത്തരം മോഷണസംഘങ്ങൾ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്. ഇതിൽ നാട്ടുകാർക്കും ഐവർമഠത്തിലെ തൊഴിലാളികൾക്കും പങ്കുണ്ടോയെന്നതും അന്വേഷിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker