ഉണ്ണി മുകുന്ദൻ,ചിത്ര,പി.ടി ഉഷ;ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖരെ അണിനിരത്താന്‍ ബി.ജെ.പി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ക്കൊപ്പം വിവിധമേഖലകളിലെ പ്രമുഖരെയും ബി.ജെ.പി. കളത്തിലിറക്കും. സംഘപരിവാര്‍ വോട്ടുകള്‍ക്കപ്പുറം വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ശേഷിയുള്ളവരെ സ്ഥാനാര്‍ഥികളാക്കാനാണ് ശ്രമം. പകുതിമണ്ഡലങ്ങളിലെങ്കിലും പാര്‍ട്ടി പ്രതിച്ഛായയില്ലാത്തവരെ കണ്ടെത്താനാണ് ആലോചന. തൃശ്ശൂരില്‍ നടന്‍ സുരേഷ് ഗോപി വലിയ സ്വീകാര്യതനേടിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം.
രാജ്യസഭാംഗംകൂടിയായ ഒളിമ്പ്യന്‍ പി.ടി. ഉഷയാണ് പരിഗണിക്കുന്നവരില്‍ പ്രധാനി. ദേശീയനേതൃത്വവും ഉഷയും സമ്മതം മൂളിയാല്‍ കോഴിക്കോട്ടാവും അവര്‍ മത്സരിക്കുക. ജില്ലയുടെ പ്രഭാരി ചുമതലയുള്ള ശോഭാ സുരേന്ദ്രനെയാണ് ഇവിടെ പരിഗണിച്ചിരുന്നത്. ഉഷ സ്ഥാനാര്‍ഥിയായെത്തിയാല്‍ പാര്‍ട്ടിക്കപ്പുറത്തുനിന്ന് വോട്ട് ആകര്‍ഷിക്കാനാവുമെന്നാണ് വിലയിരുത്തല്‍. ഉഷയില്ലെങ്കില്‍ പരിഗണിക്കുന്നവരില്‍ പി.കെ. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്നനേതാക്കളുണ്ട്.
പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്റെ പേരും ആലോചിക്കുന്നു. കുമ്മനം രാജശേഖരന്‍, പി.സി. ജോര്‍ജ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഗായിക കെ.എസ്. ചിത്ര സന്നദ്ധയായാല്‍ തിരുവനന്തപുരത്ത് പരിഗണിക്കാമെന്ന ആഗ്രഹം ചില നേതാക്കള്‍ക്കുണ്ട്.
പദ്മ പുരസ്‌കാരം നേടിയവരുള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ശ്രദ്ധേയരായവരെ പാര്‍ട്ടിനേതൃത്വം ബന്ധപ്പെടുന്നതായാണ് വിവരം. ക്രിസ്ത്യന്‍ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സഭയ്ക്കുകൂടി സ്വീകാര്യരായവരെ കണ്ടെത്താനാണ് ശ്രമം.
ആലപ്പുഴ തുഷാര്‍ വെള്ളാപ്പള്ളിക്ക് നല്‍കി പകരം വയനാട് ഏറ്റെടുക്കാനാണ് ധാരണ. അങ്ങനെയെങ്കില്‍ ദേശീയഭാരവാഹികളായ എ.പി. അബ്ദുള്ളക്കുട്ടി, അനില്‍ ആന്റണി എന്നിവരില്‍ ആരെയെങ്കിലും പരിഗണിച്ചേക്കും.
ദേശീയനേതൃത്വം നടത്തിയ സര്‍വേയില്‍ കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ സ്വീകാര്യതയുണ്ടെന്ന് കണ്ടെത്തിയതായി ബി.ജെ.പി. നേതാക്കള്‍ പറയുന്നു. 30 ശതമാനം വോട്ടാണ് കേരളത്തില്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്. അയോധ്യാ വിഷയത്തില്‍ കേരളത്തില്‍ നേരത്തേയുണ്ടായിരുന്ന എതിര്‍പ്പ്, ശ്രീരാമക്ഷേത്രം നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ഇല്ലാതായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ. പദയാത്രയോടെ സംസ്ഥാനത്ത് ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അടുത്തഘട്ടത്തിലേക്കുകടക്കും. കേന്ദ്രമന്ത്രിമാരും ദേശീയനേതാക്കളും എല്ലാ മണ്ഡലത്തിലുമെത്തും.