ബിജെപി-ആം ആദ്‌മി പ്രവർത്തകർ തമ്മിൽ ഉന്തും തളളും; ഡൽഹി മേയർ തിരഞ്ഞെടുപ്പ് നിർത്തിവച്ചു
ന്യൂഡൽഹി: ആം ആദ്‌മി, ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഡൽഹി കോർപറേഷനിൽ മേയർ തിരഞ്ഞെടുപ്പ് നിർത്തിവച്ച് യോഗം ഇന്നത്തേയ്ക്ക് പിരിഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മേയർ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. നോമിനേറ്റ‌് ചെയ്യപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടെയാണ് ബിജെപി-ആം ആദ്‌മി പാർട്ടിയിലെ അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്.
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ആദ്യം സത്യപ്രതിജ്ഞ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ എ പി കൗൺസിലർമാർ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം പിന്നീട് ഇരുപാർട്ടികളും തമ്മിലുള്ള ഉന്തും തളളിനും കൈയാങ്കളിയിലേയ്ക്കും നീങ്ങി. ഇരു പാർട്ടി നേതാക്കളും പരസ്‌പരം മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. പൊലീസ് വളരെ പണിപ്പെട്ടാണ് സംഘർഷം നിയന്ത്രിച്ചത്. ബഹളത്തെ തുടർന്ന് പ്രിസൈഡിംഗ് ഓഫീസറും കോർപറേഷൻ കമ്മീഷണറുമടക്കം മടങ്ങിപ്പോയി. തുടർന്ന് വോട്ടെടുപ്പ് നടക്കുന്നതിനു മുമ്പേ യോഗം മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
250 അംഗ നഗരസഭയിൽ 134 സീറ്റുകളിൽ അട്ടിമറി വിജയം കരസ്ഥമാക്കി ആം ആദ്‌മിയാണ് കോർപറേഷനിൽ കേവല ഭൂരിപക്ഷം നേടിയത്. 126 സീറ്റാണ് ഭൂരിപക്ഷത്തിന് ആവശ്യമുളളത്.ബിജെപിയ്‌ക്ക് 104 സീറ്റുകൾ നേടാനായപ്പോൾ തകർന്നടിഞ്ഞ കോൺഗ്രസിന് ഒൻപത് സീറ്റ് മാത്രമേ നേടാനായുളളു. മുൻപ് കോൺഗ്രസിന് 31ഉം ബിജെപിയ്‌ക്ക് 181ഉം സീറ്റുകളാണ് ഉണ്ടായിരുന്നത്.