നായകനായി അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി ബിനീഷ് ബാസ്റ്റിന്‍! അവഗണനകള്‍ നേരിടുന്ന സംവിധായകന്റെ കഥ പ്രമേയം
ബിനീഷ് ബാസ്റ്റിന്‍ ഇനി സഹനടനോ വില്ലനോ അല്ല, നായകനാണ്. നവാഗതനായ സാബു അന്തിക്കായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബിനീഷ് നായക വേഷത്തിലെത്തുന്നത്. ‘കര്‍ത്താവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത് സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സഹസംവിധായകന്റെ കഥയാണ്. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതോടെ നിരവധി ആളുകള്‍ ബിനീഷിന് തങ്ങളുടെ സിനിമകളില്‍ വേഷങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.
തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്ന് യൂണിയന്‍ ഭാരവാഹികള്‍ തന്നോട് പറഞ്ഞുവെന്നാണ് ബിനീഷ് ബാസ്റ്റിന്‍ ആരോപിച്ചത്. അതിനു ശേഷം വേദിയില്‍ നടന്‍ നടത്തിയ പ്രതിഷേധവും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒടുവില്‍ ഫെഫ്ക ഇടപെട്ട് സംവിധായകനും നടനും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു.