ഐഫോണ്‍ തട്ടിയെടുത്ത് ഓടിയ മോഷ്ടാവിനെ പിടികൂടാന്‍ ട്രെയിനില്‍ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം
കൊല്‍ക്കത്ത: ട്രെയിന്‍ യാത്രക്കിടെ ഐഫോണ്‍ തട്ടിയെടുത്ത് ഓടിയ മോഷ്ടാവിനെ പിടികൂടാനായി ട്രെയിനില്‍ നിന്നും ചാടിയ യുവാവ് മരിച്ചു. മസാമ്പല്പൂര്‍ എക്സ്പ്രസില്‍ നിന്നും ചാടിയ ജംഷഡ്പൂര്‍ സ്വദേശിയായ സൗരഭ് ഗോഷാണ്(27) മരിച്ചത്. പശ്ചിമബംഗാളിലെ ഉളുബേരിയ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ദാരുണ സംഭവം.
പുതുതായി വാങ്ങിയ ഐഫോണില്‍ സംസാരിച്ചിരിക്കുകയായിരുന്നു സൗരഭ്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ ട്രെയിനിലുണ്ടായിരുന്ന ഒരാള്‍ സൗരഭിന്റെ കൈയ്യില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ച് പ്ലാറ്റ്ഫോമിലേക്ക് ചാടി. ഇത് കണ്ട് സൗരഭ് ആദ്യം പകച്ചുപോയെങ്കിലും പിന്നീട് മോഷ്ടാവിനെ പിടികൂടാനായി ട്രെയിനില്‍ നിന്നും ചാടുകയായിരുന്നു.
എന്നാല്‍ സൗരഭ് പ്ലാറ്റ് ഫോമില്‍ കാലുകുത്തിയതും നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണ് കല്ലില്‍ തലയടിച്ച അബോധാവസ്ഥയിലാവുകയായിരിന്നു. സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്നും സൗരഭിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇലക്ട്രിക്കല്‍ എന്ജിനീയറാണ് സൗരഭ്.