മുംബൈ:പ്രമുഖ ബോളിവുഡ് നടൻ നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥനെ നിർബന്ധിത നിരീക്ഷണത്തിലാക്കി. പാറ്റ്ന എസ്.പി ബിനയ് തിവാരിയെ ആണ് ബിർഹാൻ മുംബൈ നഗരസഭ 14 ദിവസത്തേക്ക് ക്വാറന്‍റീൻ ചെയ്തത്. ഐപിഎസ് ഓഫീസറെ ബലം പ്രയോഗിച്ച് ക്വാറന്‍റീൻ ചെയ്യുകയായിരുന്നെന്നാണ് ബിഹാർ ഡിജിപി ട്വീറ്റ് ചെയ്തത്.
മുംബൈയിൽ കേസന്വേഷണം നടത്തുന്ന സംഘത്തെ നയിക്കാനാണ് എസ്പി ബിനയ് തിവാരി ഇന്നലെ വൈകീട്ടോടെ എത്തിയത്.. മാധ്യമ പ്രവർത്തകരെ കണ്ടശേഷം ജോലിയിലേക്ക് കടക്കും മുൻപ് മുംബൈ കോർപ്പറേഷൻ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തിന്റെ കൈയ്യിൽ ക്വാറന്‍റീൻ സീൽ പതിക്കുകയായിരുന്നു. രാത്രിയോടെ എസ്.പിയെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
കോവിഡ് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള നടപടിയെന്നാണ് കോർപ്പറേഷൻ അധികൃതർ നൽകിയ വിശദീകരണം. സുശാന്തിന്‍റെ കുടുംബം പാറ്റ്നയിൽ നൽകിയ പരാതി അന്വേഷിക്കാൻ ബിഹാർ പോലീസ് മുംബൈയിൽ എത്തിയത് മുതൽ തുടങ്ങിയ തർക്കമാണ് പുതിയ തലത്തിലേക്ക് കടക്കുന്നത്. സാഹചര്യം വിലയിരുത്താൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉന്നതതല യോഗം വിളിച്ചു.