25.8 C
Kottayam
Friday, March 29, 2024

ഞെട്ടിച്ച് ബംഗ്ലാ കടുവകള്‍, ഇംഗ്ലണ്ടിനെ അട്ടിമറിച്ചു

Must read

ചിറ്റഗോങ്: ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ  ചിറ്റഗോങ്ങിലെ ആദ്യ ട്വന്‍റി 20യില്‍ അട്ടിമറിച്ച് ബംഗ്ലാദേശ്. ചിറ്റഗോങ്ങില്‍ ആറ് വിക്കറ്റിനാണ് ഷാക്കിബ് അല്‍ ഹസനും സംഘവും അത്ഭുതം കാട്ടിയത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 157 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കിനില്‍ക്കേ നാല് മാത്രം വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാ കടുവകള്‍ സ്വന്തമാക്കി. 24 പന്തില്‍ പുറത്താവാതെ 34* റണ്‍സുമായി നായകന്‍ ഷാക്കിബ് അല്‍ ഹസനും 13 പന്തില്‍ 15* റണ്ണുമായി ആഫിഫ് ഹൊസൈനുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. മൂന്നാമനായി ക്രീസിലെത്തി 30 പന്തില്‍ 51 നേടിയ നജ്‍മുല്‍ ഹൊസൈന്‍ ഷാന്‍റോയുടെ ഇന്നിംഗ്സ് നിർണായകമായി. 

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന്‍റെ റോണി തലക്ദറിനെ(14 പന്തില്‍ 21) ആദില്‍ റഷീദും ലിറ്റണ്‍ ദാസിനെ(10 പന്തില്‍ 12) ജോഫ്ര ആർച്ചറും പുറത്താക്കിയതോടെ ഓപ്പണർമാർ മടങ്ങി. പിന്നാലെ നജ്‍മുല്‍ ഹൊസൈന്‍ ഷാന്‍റോയും തൗഹിദ് ഹ്രിദോയിയും ടീമിനെ 100 കടത്തി. എന്നാല്‍ 17 പന്തില്‍ 24 റണ്‍സെടുത്ത തൗഹിദിനെ ബൗള്‍ഡാക്കി മൊയീന്‍ അലി കൂട്ടുകെട്ട് പൊളിച്ചു. 27 പന്തില്‍ ഫിഫ്റ്റി തികച്ച ഷാന്‍റോയെ 30 ബോളില്‍ 51 റണ്‍സെടുത്ത് നില്‍ക്കേ മാർക്ക് വുഡ് പുറത്താക്കിയത് കടുവകള്‍ക്ക് തിരിച്ചടിയായി. ഇതിന് ശേഷം പ്രതീക്ഷകളെല്ലാം നായകന്‍ ഷാക്കിബ് അല്‍ ഹസനിലായി. ക്യാപ്റ്റന്‍റെ ഉത്തരവാദിത്വത്തോടെ കളിച്ച ഷാക്കിബ്, ആഫിഫ് ഹൊസൈനെ കൂട്ടുപിടിച്ച് ബംഗ്ലാദേശിന് അട്ടിമറി ജയം സമ്മാനിച്ചു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഗംഭീര തുടക്കം ഫിലിപ് സാല്‍ട്ടും നായകന്‍ ജോസ് ബട്‍ലറും നല്‍കിയെങ്കിലും പിന്നീടെത്തിയവർക്ക് ഇത് മുതലാക്കാനായില്ല. ഇതോടെയാണ് ടീം സ്കോർ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156ല്‍ ഒരുക്കിയത്. സാല്‍ട്ട്-ബട്‍ലർ സഖ്യം 10 ഓവറില്‍ 80 റണ്‍സ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. 35 പന്തില്‍ 38 നേടിയ സാല്‍ട്ടിനെ നാസും അഹമ്മദ് മടക്കുകയായിരുന്നു. പിന്നീട് ജോസ് ബട്‍ലറുടെ അർധസെഞ്ചുറിയായി ഇംഗ്ലീഷ് ഇന്നിംഗ്സിലെ ആകർഷണം. ബട്‍ലർ 42 പന്തില്‍ നാല് വീതം ഫോറും സിക്സറും സഹിതം 67 റണ്‍സെടുത്തു. 17-ാം ഓവറിലെ ആദ്യ പന്തില്‍ ഹസന്‍ മഹമൂദാണ് ബട്‍ലറെ പറഞ്ഞയച്ചത്. 

ഇതിനിടെ വെടിക്കെട്ട് വീരന്‍മാരായ ഡേവിഡ് മലാന്‍ ഏഴ് പന്തില്‍ നാലും ബെന്‍ ഡക്കെറ്റ് 13 പന്തില്‍ 20 ഉം റണ്‍സെടുത്ത് പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഷാക്കിബ് അല്‍ ഹസനും മുസ്‌താഫിസൂറിനുമായിരുന്നു വിക്കറ്റ്. പിന്നീട് സാം കറനെ(11 പന്തില്‍ 6) ഹസന്‍ മഹമൂദും ക്രിസ് വോക്സിനെ(2 പന്തില്‍ 1) ടസ്കിന്‍ അഹമ്മദും പുറത്താക്കിയപ്പോള്‍ മൊയീന്‍ അലി 7 പന്തില്‍ 8* ഉം ക്രിസ് ജോർദാന്‍ 3 പന്തില്‍ 5* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week