27.5 C
Kottayam
Saturday, April 27, 2024

അമ്പരപ്പിച്ച് ഫഹദ്; ഗംഭീര മേക്കിങ്- ചർച്ചയായി മാലിക്

Must read

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മഹേഷ് നാരായണൻ ചിത്രം മാലിക്കിലൂടെ,ഫഹദ് ഫാസിൽ ഒരിക്കൽകൂടി തന്‍റെ പ്രതിഭ തെളിയിക്കുകയാണ്.യൗവനത്തിലും വാർധക്യത്തിലും ഒരുപോലെ വീറും വാശിയുമുള്ള കഥാപാത്രമാണ് സുലൈമാൻ മാലിക്. നാടിന് വേണ്ടി പോരാടുന്ന മാലിക്കിനെ ചെറിയ പിഴവ് പോലും വരുത്താതെ ഫഹദ് അവതരിപ്പിച്ചിരിക്കുന്നു. സന്തോഷവും സങ്കടവും പോരാട്ടവീര്യവും പ്രണയവും വിരഹവും എല്ലാം അയാളുടെ മുഖത്തും ശരീരഭാവങ്ങളിലും മിന്നിമറയുന്നത് പ്രേക്ഷകനെ പിടിച്ചിരുത്തും.

ചിത്രത്തിന്‍റെ മേക്കിങ്ങിനെക്കുറിച്ച് അതിഗംഭീരം എന്ന് വിശേഷിപ്പിച്ചാൽ മതിയാവില്ല.മഹേഷ് നാരായണൻ എന്ന സംവിധായകന് ലോക സിനിമയിൽ ഒരു ഇടമുണ്ടെന്ന് ചിത്രം തെളിയിക്കുന്നു. സിനിമയുടെ തുടക്കവും അവസാനവും സിംഗിൾ ഷോട്ടിലാണ്.12 മിനിറ്റ് ദൈർഘ്യമുള്ള തുടക്കത്തിലെ ഷോട്ട് അത്ഭുതപ്പെടുത്തും. രണ്ട് മണിക്കൂറും നാൽപത്തിയൊന്ന് മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. പക്ഷേ ഒരു മിനിറ്റ് പോലും ഇഴയാതെ റമദാ പള്ളിയെന്ന തീരപ്രദേശത്തിന്‍റെ മൂന്ന് കാലഘട്ടങ്ങളിൽ ഓരോ പ്രേക്ഷകനെയും പിടിച്ചിരുത്തുന്നുണ്ടെങ്കിൽ
മഹേഷ് നാരായണൻ എന്ന സംവിധായകനും എഡിറ്റർക്കും നൂറുമാർക്ക്.

സാനു ജോൺ വർഗീസിന്‍റെ ക്യാമറ മായാജലം തീർക്കുമ്പോൾ, സിനിമ തിയറ്റർ റിലീസ് ചെയ്യാത്തതിൽ നഷ്ടബോധം തോന്നും.വിഎഫ്എക്സും പശ്ചാത്തലസംഗീതവും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നു. സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത് സുഷിൻ ശ്യാം ആണ്. സുലൈമാൻ മാലിക്കിന്‍റെ പ്രിയതമയായ റോസ്ലിൻ എന്ന കഥാപാത്രത്തെ നിമിഷ സജയനും അവിസ്മരണീയമാക്കി. തന്‍റേടവും വാശിയും ഒപ്പം മാതൃവാത്സല്യം ഒരുപോലെ അവതരിപ്പിച്ച നിമിഷ ഒരിക്കൽ കൂടി അമ്പരപ്പിക്കുകയാണ്. വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ,
സലിം കുമാർ, ജോജു ജോർജ്, ഇന്ദ്രൻസ്, ജലജ, ഇർഷാദ് എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്.

രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷവും ചിത്രത്തിൽ നിർണായക കഥാ സന്ദർഭമാണ്. ബീമാ പള്ളി വെടിവയ്പ് എന്ന വിവാദ സംഭവത്തിൽ നിന്നും പരോക്ഷമായ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട് ഈ രംഗങ്ങളിൽ . ഇതിലെ ശരിതെറ്റുകളെക്കുറിച്ചാവും വരും ദിവസങ്ങളിൽ ചർച്ചയെന്നതിൽ സംശയമില്ല. ഒപ്പം മുസ്ലീം രാഷ്ട്രീയം ചിത്രീകരിച്ചതിലെ അപാകതകളും വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്. സംവിധായകന്‍റെ സ്വാതന്ത്ര്യത്തിന് അത് വിട്ടുകൊണ്ട്, സിനിമയെ കലയായി മാത്രം കണ്ടാൽ മാലിക് ഒന്നിലധികം തവണ കാണേണ്ടുന്ന സിനിമ തന്നെ. പുരസ്കാരനിറവിലേക്ക് ഫഹദിനെയും മഹേഷ് നാരായണനെയും നിമിഷയെയും സാങ്കേതിക പ്രവർത്തകരെയും
മാലിക് എത്തിക്കും എന്നതിൽ സംശയമില്ല. ഒപ്പം കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തിയറ്റർ തുറക്കുമ്പോൾ മാലിക്കിന്‍റെ തിയറ്റർ അനുഭവവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week