‘ലെഗ് പീസില്ലേ’; മോശം കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി അന്ന ബെന്‍
ഇന്‍സ്റ്റഗ്രാം ചിത്രത്തിന് താഴെ മോശം കമന്റുമായി എത്തിയ സൈബര്‍ സദാചാര ആങ്ങളയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി നടി അന്ന ബെന്‍. അനശ്വര രാജന് പിന്തുണയുമായി ‘വീ ഹാവ് ലെഗ്സ്’ ക്യാമ്പെയ്ന്റെ ഭാഗമായി പങ്കുവച്ച ചിത്രത്തിനാണ് മോശം കമന്റ് വന്നത്.
‘ലെഗ് പീസില്ലേ’ എന്ന കമന്റിനാണ് മറുപടിയുമായി ‘ഹാന്‍ഡ് പീസ് മതിയോ’ എന്ന് അന്ന ചോദിച്ചിരിക്കുന്നത്. നിരവധി ആരാധകരും അന്നയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. മോഡേണ്‍ വസ്ത്രത്തിലെത്തിയ അനശ്വരയുടെ ചിത്രങ്ങള്‍ക്കാണ് സൈബര്‍ ആക്രമണം നേരിട്ടത്. എന്ത് വസ്ത്രമാണ് ഇത് എന്നായിരുന്നു ചിലരുടെ വിമര്‍ശനങ്ങള്‍.
‘പതിനെട്ട് ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ?’ എന്നാണ് ഒരു കമന്റ്. ഇതോടെയാണ് താരത്തിന് പിന്തുണയുമായി സ്ത്രീകള്‍ക്ക് കാലുകളുണ്ട് എന്ന ക്യമ്പെയ്ന്‍ റിമ കല്ലിങ്കലും അഹാന കൃഷ്ണയുമടക്കമുള്ള താരങ്ങള്‍ തുടങ്ങി വച്ചത്. അനാര്‍ക്കലി മരക്കാര്‍, അന്ന ബെന്‍, നയന്‍താര ചക്രവര്‍ത്തി, എസ്തര്‍, രജിഷ വിജയന്‍ അമേയ തുടങ്ങിയ നടിമാരും ഹരീഷ് പേരടി, അനില്‍ നെടുമങ്ങാട് എന്നീ നടന്‍മാരും വീ ഹാവ് ലെഗ്സ് എന്ന കാമ്പയിന്റെ ഭാഗമായി രംഗത്തെത്തി.
നെഗറ്റീവ് കമന്റുകള്‍ വരുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രത്തോളം പരിധി വിടുമെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് അനശ്വര പ്രതികരിച്ചത്. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ ഡ്രസ് വാങ്ങി തരാമെന്നാണ് അച്ഛന്‍ പറഞ്ഞതെന്നും അനശ്വര ഒരു മാധ്യമത്തോട് വ്യക്തമാക്കി.