ചെന്നൈ: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. രാഹുല്‍ ഗാന്ധിയെ ബിജെപി എത്രത്തോളം ഭയക്കുന്നുണ്ട് എന്നത് ഈ പ്രവര്‍ത്തനത്തില്‍ നിന്നും വ്യക്തമാണ് എന്നും ഭാരത് ജോഡോ യാത്രയുടെ സ്വാധീനം ഈ നടപടിക്ക് പ്രധാന കാരണമാണ് എന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു.
‘രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഈ നടപടി തീര്‍ച്ചയായും പിന്‍വലിക്കേണ്ടതാണ്. അതിന് വേണ്ടി ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് ചേരുകയും ജനാധിപത്യ ശക്തികളായ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിധിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്യണം’; എം കെ സ്റ്റാലിൻ പറഞ്ഞു.
‘രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു ബിജെപി എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. കേസില്‍ അപ്പീല്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് 30 ദിവസത്തെ സമയം അനുവദിച്ചതാണ്. എന്നാല്‍ ധൃതി പിടിച്ച് എംപി പദവിക്ക് അയോഗ്യത കല്‍പ്പിക്കുന്നത് ജനാധിപത്യ അവകാശത്തെ ഹനിക്കുന്നതാണ്. ജില്ല കോടതി വിധി പറഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ എംപിയെ അയോഗ്യനാക്കിയത് അപലപനീയമാണ്’, സ്റ്റാലിന്‍ വ്യക്തമാക്കി.