പ്രണവിനെ ഭയങ്കര ഇഷ്ടമാണ്, അതിന്റെ കാരണം അറിയില്ല; ഗോസിപ്പുകളെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും സ്‌നിഷ
കൊച്ചി:മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കൊക്കെ ഏറെ സുപരിചിതയായ നടിയാണ് സ്‌നിഷ ചന്ദ്രന്‍. നീലക്കുയില്‍ എന്ന ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതാണ് താരം. സീരിയലില്‍ കസ്തൂരി എന്ന കഥാപാത്രത്തെയാണ് സ്‌നിഷ അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു കഥാപാത്രത്തിന് ലഭിച്ചത്. അതോടെ സ്‌നിഷയും താരമായി മാറുകയായിരുന്നു. ഒരു നാട്ടിൻ പുറത്തുക്കാരി സാധാരണ പെൺകുട്ടിയുടെ വേഷത്തിലാണ് നടി സിനിമയിൽ എത്തിയത്.
അതിനു ശേഷം സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കാര്‍ത്തിക ദീപം എന്ന പരമ്പരയിലാണ് സ്‌നിഷ അഭിനയിച്ചത്. വിവേക് ഗോപനുള്‍പ്പടെ വന്‍ താരനിര പരമ്പരയിലെ കാർത്തികയുടെ വേഷവും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, അതിനു ശേഷം സൂര്യ ടിവിയിൽ സീത രാമം എന്നൊരു പുതിയ പരമ്പരയുമായി എത്താൻ ഒരുങ്ങുകയാണ് താരം. അതിലും വിവേക് ഗോപനാണ് നായകനായി എത്തുന്നത്.
അതിനിടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സ്‌നിഷ ചന്ദ്രൻ. നീലക്കുയിൽ എന്ന പരമ്പരയിലേക്ക് വന്നതിനെ കുറിച്ചും പുതിയ പരമ്പരയെ കുറിച്ചുമൊക്കെ താരം സംസാരിക്കുന്നുണ്ട്. കൂടാതെ പ്രണവ് മോഹൻലാലിനോടുള്ള ഇഷ്ടത്തെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്. സീരിയൽ ടുഡേ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്‌നിഷ ചന്ദ്രൻ.
നീലക്കുയിൽ ഓഡിഷനിലൂടെ വന്നതാണെന്ന് സ്‌നിഷ പറഞ്ഞു. അവസാന നിമിഷമാണ് അതിലേക്ക് സെലെക്റ്റ് ആയത്. ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. ഏഷ്യാനെറ്റ് പോലെ ഒരു വലിയ ചാനലിൽ കിട്ടിയതിലും ഭയങ്കര ഹാപ്പി ആയിരുന്നു. ഞാനും നായകനായ നിതിനും മാത്രമായിരുന്നു പുതുമുഖങ്ങൾ. ബാക്കി എല്ലാവരും സീനിയർ ആയ താരങ്ങൾ ആയിരുന്നു. എനിക്ക് ഭയങ്കര പേടി ആയിരുന്നു. ഒന്നും അറിയാത്തതിന്റെ പേടി എല്ലാം ഉണ്ടായിരുന്നു.
അവിടെ ചെന്നപ്പോൾ എല്ലാവരും നല്ല സപ്പോർട്ട് ആയിരുന്നു. എന്നോട് സംസാരിക്കുമ്പോൾ എല്ലാവരും എന്റെ ലെവലിലേക്ക് വന്നു എന്നോട് സംസാരിക്കുമായിരുന്നു. ആ സെറ്റിലെ ഓരോരുത്തരും എന്നെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. നീലക്കുയിൽ പോലൊരു സെറ്റ് എനിക്ക് പിന്നീട് കിട്ടിയിട്ടില്ല. അത്രയും രസകരമായിരുന്നു ആ ലൊക്കേഷൻ. ആ സെറ്റിൽ എപ്പോഴും ചിരിയാണ്. അങ്ങനെ ഡള്ളായിട്ട് ഇരിക്കേണ്ടി വന്നിട്ടില്ല. ലൊക്കേഷനിൽ എനിക്ക് തത്തമ്മയെന്നും പൂത്താങ്കിരി എന്നൊക്കെ ഇരട്ടപ്പേര് ഉണ്ടായിരുന്നുവെന്നും സ്‌നിഷ പറഞ്ഞു.
സീതാരാമം ആണ് ഇപ്പോൾ ചെയ്യുന്ന പരമ്പര. അടുത്ത മാസം മുതലാണ് സംപ്രേഷണം. വിവേക് ഗോപൻ തന്നെയാണ് നായകനായി വരുന്നതെന്നും നടി കൂട്ടിച്ചേർത്തു. സീരിയലുകളിൽ ബോൾഡ് ആയ വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. സ്‌കൂളിലും കോളേജിലുമൊക്കെ പാട്ടിലും നൃത്തത്തിലുമെല്ലാം സജീവമായിരുന്നു എന്നും നടി പറയുന്നുണ്ട്. ചെറുപ്പം മുതൽ അഭിനയത്തോട് ആഗ്രഹം ഉണ്ടായിരുന്നു അങ്ങനെയാണ് ഇതിലേക്ക് എത്തിയതെന്നും സ്‌നിഷ പറഞ്ഞു.
തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ചും സ്‌നിഷ സംസാരിക്കുന്നുണ്ട്. സീരിയലിൽ എല്ലാവരും സുഹൃത്തുക്കളാണ് അതുകൊണ്ട് അങ്ങനെയൊന്ന് തോന്നിയിട്ടില്ല. എന്നാൽ സിനിമയിൽ ഉണ്ട്. അത് പ്രണവ് മോഹൻലാൽ ആണെന്ന് ആയിരുന്നു നടി പറഞ്ഞത്. ഒരുപാട് സിനിമകൾ ഒന്നും ചെയ്‌തിട്ടില്ലെങ്കിലും എനിക്ക് ഇഷ്ടമാണ്. അതിന് കാരണം എന്താണെന്ന് അറിയില്ല. മോഹൻലാലിൻറെ മകൻ ആയത് കൊണ്ട് ഒന്നും അല്ലെന്നും വല്ലാണ്ടങ്ങോട്ട് ഇഷ്ടപ്പെട്ടു പോയെന്നും താരം പറഞ്ഞു.
അതേസമയം തന്നെ സംബന്ധിച്ച് ഇതുവരെ ഗോസിപ്പുകൾ ഒന്നും വന്നിട്ടില്ലെന്നും സ്‌നിഷ പറയുന്നുണ്ട്. എന്റെ പേരിലുള്ള ഒരു ഗോസിപ്പുകളും ഞാൻ കണ്ടിട്ടില്ല. ഗോസിപ്പ് വരുന്നതിനെ കുറിച്ചൊന്നും താൻ ഇതുവരെയും ചിന്തിച്ചിട്ട് കൂടിയില്ലെന്നും സ്‌നിഷ പറഞ്ഞു. ആവശ്യമില്ലാത്ത കാര്യങ്ങൾ വെറുതെ എഴുതിപിടിപ്പിക്കരുത് എന്നാണ്. സൈബർ ബുള്ളിയിങ് ഒക്കെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ തനിക്ക് ഇതുവരെ അങ്ങനെ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും സ്‌നിഷ പറഞ്ഞു.
അതേസമയം, സോഷ്യൽ മീഡിയയിലൊക്കെ വളരെ സജീവമാണ് സ്‌നിഷ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്ക വലിയ രീതിയിൽ ശ്രദ്ധനേടാറുണ്ട്. സീരിയലിൽ എത്തുന്നതിന് മുൻപ് സിനിമയിലും തല കാണിച്ചിട്ടുണ്ട് താരം.