കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആലുവ മാര്‍ക്കറ്റ് ശനിയാഴ്ച മുതല്‍ നാലു ദിവസത്തേക്ക് അടച്ചിടും. ശനിയാഴ്ച ഉച്ച മുതല്‍ ചൊവ്വാഴ്ച ഉച്ചവരെയാണ് മാര്‍ക്കറ്റ് അടയ്ക്കുക. മാര്‍ക്കറ്റ് അണുവിമുക്തമാക്കുന്നതിനാണ് പൂട്ടിയിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മൂന്ന് ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പെടെ മാര്‍ക്കറ്റിലെ ആറു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് ജില്ലാ കളക്ടര്‍ക്ക് മാര്‍ക്കറ്റിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്തും നല്‍കിയിരുന്നു. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആലുവ പോലീസ് വിളിച്ചുചേര്‍ത്ത നഗരസഭാ ആരോഗ്യവിഭാഗം, വ്യാപാരികള്‍ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
മാര്‍ക്കറ്റ് അടയ്ക്കുന്ന വിവരമറിയാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ചരക്കുലോറികളിലെ സാധനങ്ങള്‍ നീക്കുന്നതിനാണ് ശനിയാഴ്ച ഉച്ചവരെ സമയം അനുവദിച്ചിരിക്കുന്നത്. പച്ചക്കറി, മത്സ്യം, ഇറച്ചി മാര്‍ക്കറ്റുകള്‍ക്ക് നിയന്ത്രണം ബാധകമാണ്.