ചെന്നൈ:മലയാള സിനിമയിലെ മുഖച്ഛായ തന്നെ മാറ്റിയ, പാത്ത് ബ്രേക്കിംഗ് ആയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. യാതൊരു പുതുമയുമില്ലാത്ത സിനിമകള്‍ എന്ന് പറയുമ്പോഴും അല്‍ഫോണ്‍സിന്റെ സിനിമകള്‍ അടിമുടി പുതുമ നിറഞ്ഞതായിരുന്നു. ആദ്യ ചിത്രം നേരത്തിലൂടെ തന്നെ അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകന്‍ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പിന്നാലെ വന്ന പ്രേമം മലയാളത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ പുതുചരിത്രം കുറിക്കുകയായിരുന്നു.
പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗം എന്ന വാക്കൊക്കെ പ്രചരണത്തില്‍ വരുന്നതിലും ഒരുപാട് മുമ്പേ അത്തരത്തില്‍ വിജയം നേടിയ ചിത്രമായിരുന്നു പ്രേമം. നിവിന്‍ പോളിയെ സൂപ്പര്‍ താരമാക്കുന്നതില്‍ നിര്‍ണായക പങ്കുവച്ച ചിത്രമായിരുന്നു പ്രേമം. സാമ്പത്തിക നേട്ടത്തിലും നിരൂപക പ്രശംസയിലും വന്‍ വിജയമായി മാറിയ ചിത്രമായിരുന്നു പ്രേമം.
എന്നാല്‍ പ്രേമത്തിന് ശേഷമം ഒരു അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം വരാന്‍ ഏഴ് വര്‍ഷമെടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ തിരികെ വന്നത് ഗോള്‍ഡ് എന്ന ചിത്രത്തിലൂടെയായിരുന്നു. പൃഥ്വിരാജും നയന്‍താരയും പ്രധാന വേഷങ്ങൡലെത്തിയ ചിത്രമായിരുന്നു ഗോള്‍ഡ്. എന്നാല്‍ ഈ ചിത്രത്തിന് വിജയിക്കാന്‍ സാധിച്ചില്ല. ഗോള്‍ഡിന്റെ പരാജയത്തിന് പിന്നാലെ അല്‍ഫോണ്‍സ് പുത്രന്‍ നടത്തിയ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും വിവാദമായി മാറിയിരുന്നു.
ഇപ്പോഴിതാ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. പുതിയ തമിഴ് ചിത്രത്തിലേക്കുള്ള ഓഡിഷന്‍ കോളുമായാണ് അല്‍ഫോണ്‍സ് എത്തിയിരിക്കുന്നത്. പിന്നാലെ ഒരാള്‍ അല്‍ഫോണ്‍സിനോട് കേരളത്തില്‍ ഉണ്ടാകുമോ എന്ന് ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.
ഏപ്രില്‍ 3 മുതല്‍ 10 വരെ ചെന്നൈയിലാണ് അല്‍ഫോന്‍സിന്റെ പുതിയ സിനിമയുടെ ഓഡിഷന്‍ നടത്തുന്നത്. ഇത് സംബന്ധിച്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിന് താഴെയാണ് കേരളത്തില്‍ ഓഡിഷന്‍ ഉണ്ടാകുമോ എന്ന ചോദ്യവുമായി ചിലര്‍ എത്തിയത്. അല്‍ഫോണ്‍സിന്റെ മറുപടി ഇങ്ങനെയായിരുന്നു.
എന്നിട്ട് എന്തിനാ? നേരം ചെയ്തപ്പൊ പുച്ഛം. പ്രേമത്തിന്റെ ടൈറ്റില്‍ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവിലാണ്. നിങ്ങള്‍ കണ്ടത് ചെമ്പരത്തി പൂ മാത്രമാണ്. ഗോള്‍ഡാണെങ്കില്‍ മോശം പടവും. എന്നിട്ടും ഞാന്‍ ഇനി കേരളത്തില്‍ വരാന്‍… കേരളം എന്റെ കാമുകിയും, ഞാന്‍ കേരളത്തിന്റെ കാമുകനും അല്ല. നന്ദിയുണ്ട്, ജീവനോടെ വിട്ടതില്‍ സന്തോഷം. ഇനി എനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാന്‍ ദുബായിലാണ് എന്ന് വിചാരിച്ചാല്‍ മതി എന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്.
പുത്രന്‍ പിണങ്ങരുതെന്നും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് തുറന്നുപറയാന്‍ നട്ടെല്ലുള്ളവരാണ് മലയാളികള്‍ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ”സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ നട്ടെല്ലുണ്ട്. നട്ടെല്ല് ഞാന്‍ ഗോള്‍ഡിന്റെ റിലീസ് സമയത്ത് കണ്ടിരുന്നു. ഗവണ്‍മെന്റ് ഇഷ്ടപ്പെട്ടില്ലെങ്കില്‍, പൊലീസുകാരുടെ സ്വഭാവം ഇഷ്ടപ്പെട്ടില്ലെങ്കില്‍, കോടതിയുടെ നയം ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഹോട്ടലിലെ ഭക്ഷണം പഴകിയാല്‍, വേസ്റ്റ് കത്തുമ്പോള്‍. അപ്പോഴൊന്നും നട്ടെല്ലു കണ്ടിട്ടില്ല. അതെന്തുകൊണ്ടാ സഹോദരാ എന്നായിരുന്നു അയാള്‍ക്ക് അല്‍ഫോണ്‍സ് നല്‍കിയ മറുപടി.
എന്റെ സിനിമ കൊള്ളില്ലെന്ന് പറയാന്‍ കാണിക്കുന്ന ഉത്സാഹം ഇല്ലേ? അതു ബാക്കിയുള്ള തൊഴില്‍ മേഖലയിലും കാണിക്കണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പ്രേമം മോശം ആയതുകൊണ്ട് എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി അല്ലല്ലോ ബ്രോ പടം കണ്ടത്. ഗോള്‍ഡ് ഇഷ്ടപ്പട്ടവരു മൊത്തം പൊട്ടന്മാരാണെന്നാണോ പറഞ്ഞു വരുന്നത് എന്നും അല്‍ഫോണ്‍സ് പുത്രന്‍ മറുപടിയായി പറയുന്നുണ്ട്.