അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചയാള്‍ക്ക് അനിഖ നല്‍കിയ മറുപടി; ചൂളിപ്പോകേണ്ട കാര്യമില്ലെന്ന് നടി
കൊച്ചി:താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും ഇന്നത്തെ കാലത്തെ താരങ്ങളെ സംബന്ധിച്ച്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി നിരന്തരം ബന്ധപ്പെടാനും തങ്ങളുടെ ഓഫ് സ്‌ക്രീനിലെ ഐഡന്റിറ്റി എന്താണെന്ന് അറിയിക്കാനുമൊക്കെ താരങ്ങള്‍ക്ക് സാധിക്കും. അതേസമയം സോഷ്യല്‍ മീഡിയ എന്നത് ശാപവും അനുഗ്രഹവുമാണ് എന്നതാണ് വസ്തുത.
സോഷ്യല്‍ മീഡിയ നല്‍കുന്ന മുഖംമൂടിയുടെ ധൈര്യത്തില്‍ താരങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് നടിമാര്‍ക്കെതിരെ അധിക്ഷേപങ്ങളും വിമര്‍ശനങ്ങളുമൊക്കെ നടത്താറുണ്ട് ചിലര്‍. എന്നാല്‍ ഇത്തരക്കാരുടെ കമന്റുകളില്‍ തളരാതെ കൃത്യമായ മറുപടി നല്‍കാനും ചിലര്‍ തയ്യാറാകാറുണ്ട്. അത്തരത്തില്‍ ഒരാളാണ് നടി അനിഖ സുരേന്ദ്രന്‍.
ബാലതാരമായി സിനിമയിലെത്തിയ താരമാണ് അനിഖ. പിന്നീട് നായികയായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുളള വിമര്‍ശനങ്ങളെക്കുറിച്ചും അശ്ലീല ചോദ്യങ്ങളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അനിഖ. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി കൊടുക്കുമ്പോള്‍ വയസ് പതിനാറേ ഉണ്ടായിരുന്നുള്ളുവല്ലേയെന്ന് ഓര്‍മ്മിപ്പിച്ചതോടെയാണ് അനിഖ മനസ് തുറന്നത്. പക്വതയുള്ള സ്വഭാവമാണ് എന്റേത്. ഫിലിം ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുമ്പോള്‍ അതുവേണം എന്ന ധാരണയാണ് ഉള്ളത്. സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ ഞാന്‍ ഞാനായിരിക്കാനാണ് ആഗ്രഹിക്കുന്നത്. അതില്‍ അച്ഛനും അമ്മയും അധികം ഇടപെടാറില്ലെന്നാണ് താരം പറയുന്നത്. അഭിമുഖങ്ങളിലും താന്‍ വളരെ സത്യസന്ധമായിട്ടാണ് കാര്യങ്ങള്‍ പറയാറുള്ളതെന്നും താരം വ്യക്തമാക്കി.
അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചാല്‍ ഒരു പെണ്‍കുട്ടി ചൂളി പോകേണ്ട ആവശ്യമില്ല. അസ്വസ്ഥതപ്പെടുകയും വേണ്ട. പെണ്‍കുട്ടികള്‍ ചൂളി പോകും എന്നു വിചാരിച്ചാണല്ലോ ഇത്തരം ചോദ്യങ്ങള്‍ ആളുകള്‍ ചോദിക്കുന്നത്. അതുകൊണ്ട് അത് എവിടെ ലഭിക്കും എന്ന് വരെ മറുപടി കൊടുത്തു. ഏതു തരം വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ താല്‍പര്യമാണെന്നും അനിഖ പറയുന്നുണ്ട്.
അതേസമയം തന്നെ സംബന്ധിച്ച് വസ്ത്രങ്ങള്‍ ഫാഷന്‍, കംഫര്‍ട്ട്, കോണ്‍ഫിഡന്‍സ് എന്നീ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഫാഷനബിളായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമാണ്. സുഖകരമായ, ആത്മവിശ്വാസം ഉയര്‍ത്തുന്ന വസ്ത്രങ്ങള്‍ ആയിരിക്കും ധരിക്കുക. അതില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട കാര്യമുണ്ടോ എന്നാണ് അനിഖ ചോദിക്കുന്നത്.
കമന്റ്‌സ് നമുക്ക് ഒഴിവാക്കാനാകില്ല. എന്തെല്ലാം തരം മനുഷ്യരുടെ മുന്നിലാണ് നമ്മള്‍ നില്‍ക്കുന്നത്. ചിലരുടെ വാക്കുകള്‍ മുറിപ്പെടുത്തും. വിഷമം തോന്നുമ്പോള്‍ ഞാന്‍ കൂട്ടുകാരോട് പങ്കുവെക്കും. അവരുടെ പോസിറ്റീവ് വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം മാറുമെന്നും അനിഖ പറയുന്നുണ്ട്. നെഗറ്റീവ് പറയുന്നവര്‍ക്കു ഞാന്‍ ആരാണെന്നോ വളര്‍ന്നു വന്ന സാഹചര്യമോ അറിയില്ല. നമ്മുടെ ലക്ഷ്യങ്ങളോ സ്വപ്നങ്ങളോ അറിയില്ല. അവര്‍ എന്തിനോ വേണ്ടി ഇതു പറയുന്നു. അത് കേട്ട് ഞാന്‍ എന്നെ മാറ്റില്ലെന്നും അനിഖ തുറന്നു പറയുന്നുണ്ട്.
കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ കരിയര്‍ ആരംഭിക്കുന്നത്. ബാലതരമായി മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ നായികയായി മാറിയിരിക്കുകയാണ് അനിഖ. ബൊട്ട ബൊമ്മ, ഓ മൈ ഡാര്‍ലിംഗ് എന്നിവയാണ് അനിഖയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. ലവ്‌ലി യുവേഴ്‌സ് വേദ, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളാണ് അനിഖയുടേതായി പുറത്തിറങ്ങാനുള്ളത്.