ലോക കേരള സഭയിൽ നടന്ന ധൂർത്തിനെ വിമർശിച്ച് അഡ്വ എ ജയശങ്കർ. രവി പിള്ളയുടെ ഹോട്ടലിൽ നിന്നും എത്തിച്ച ശാപ്പാടിന് പണം അടച്ചത് നമ്മുടെ നികുതി പണമെടുത്താണെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റ് വായിക്കാം.
ലോക കേരള ശാപ്പാട് സഭ കൊണ്ട് പ്രവാസികൾക്ക് എന്തു ഗുണമുണ്ടായി എന്നാണ് രമേശ് ചെന്നിത്തലയും മാധ്യമ സിൻഡിക്കേറ്റും ചോദിക്കുന്നത്.
ലോകത്തിൻ്റെ നാനാ ഭാഗത്തു നിന്നുമുളള പ്രതിനിധികൾക്ക് തിരുവനന്തപുരത്തു വന്നു സർക്കാർ ചിലവിൽ പുട്ടടിക്കാൻ കഴിഞ്ഞത് ചെറിയ കാര്യമല്ല. 550 രൂപയുടെ പ്രാതൽ, 1900 രൂപയുടെ ഉച്ച ഭക്ഷണം, 1700 രൂപയുടെ അത്താഴം. എല്ലാം വിഭവസമൃദ്ധം, സ്വാദിഷ്ടം.
പ്രമുഖ പ്രവാസി വ്യവസായി പത്മശ്രീ രവിപ്പിളളയുടെ കോവളം റാവിസ് ഹോട്ടലിൽ നിന്നാണ് മൂന്നു നേരത്തെ ശാപ്പാടും എത്തിച്ചത്. മൊത്തം ചിലവ് വെറും 59,82,600രൂപ.
ഒന്നാലോചിച്ചു നോക്കൂ: രവി മുതലാളിയുടെ ഹോട്ടലിൽ നിന്ന് രവി മുതലാളി കഴിച്ച ശാപ്പാടിൻ്റെ പൈസ ചെലവാക്കുന്നത് ബഹു കേരള സർക്കാർ; ഞാനും നിങ്ങളും അടയ്ക്കുന്ന നികുതിപ്പണത്തിൽ നിന്ന്. ഇതാണ് മാർക്സ് വിഭാവനം ചെയ്ത ശാസ്ത്രീയ സോഷ്യലിസം.